കൊച്ചി : ബാങ്കുകളും നോൺ – ബാങ്കിംഗ് ഫിനാൻസ് കമ്പനികളും അനുവദിക്കുന്ന സ്വർണ പണയ വായ്പയിലെ റെക്കോഡ് വളർച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ (RBI) ആകുലപ്പെടുത്തുകയാണ്. 2025 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ സ്വർണ പണയ വായ്പ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനമാണ് വർദ്ധിച്ചത്. ഫിനാൻസ് ഇൻഡസ്ട്രി ഡെവലപ്‌മെന്റ് കൗൺസിലിന്റെ കണക്കുകള്‍ പ്രകാരം 79,217 കോടി രൂപയുടെ സ്വര്‍ണ്ണ പണയ വായ്പയാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു. ഷെഡ്യൂൾഡ് ബാങ്കുകളും സ്വകാര്യ ധനകാര്യ കമ്പനികളും അനുവദിക്കുന്ന സ്വർണ്ണ വായ്പകളിലെ റെക്കോർഡ് വളർച്ച, അക്കൗണ്ടിംഗ് വിടവുകൾ നികത്താനും കിട്ടാക്കടം കെട്ടിക്കിടക്കുന്നത് തടയുന്നതിനും ആര്‍.ബി.ഐയെ പ്രേരിപ്പിക്കും. അതായത് സ്വർണ്ണപ്പണയത്തിൽ ഇനിയും ചില നിയന്ത്രണങ്ങൾ വന്നേക്കാം. ഇത് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളെ (NBFC) ആയിരിക്കും.
സ്വര്‍ണ്ണ പണയ വായ്പാ രംഗത്ത് ഷെഡ്യൂൾഡ് ബാങ്കുകളും നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികളും (NBFC) തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഷെഡ്യൂൾഡ് ബാങ്കുകൾക്കും സ്വകാര്യ ധനകാര്യ കമ്പനികൾക്കും അവരുടെ സ്വർണ്ണ വായ്പ നയങ്ങളും നടപടിക്രമങ്ങളും അവലോകനം ചെയ്യാനും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കില്‍ പരിഹരിക്കാനും ആർ.ബി.ഐ മൂന്ന് മാസത്തെ സമയം നല്‍കിയിരുന്നു. ശരിയായ മൂല്യനിർണ്ണയമില്ലാതെ ടോപ്പ്-അപ്പുകൾ, റോൾ-ഓവർ എന്നിവയിലൂടെ മോശം വായ്പകൾ അനുവദിക്കുന്നതായും ക്രമരഹിതമായി വായ്പകള്‍ അനുവദിക്കുന്നതായും റിസര്‍വ് ബാങ്ക് കണ്ടെത്തിയിരുന്നു. ഈട് നൽകിയാൽ സ്വർണ വായ്പകൾ ലഭിക്കാന്‍ വളരെ എളുപ്പമാണ്. മാത്രവുമല്ല മറ്റ് ഫണ്ടിംഗ് സ്രോതസുകള്‍ കണ്ടെത്താന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് കടമെടുക്കാന്‍ സാധിക്കുന്ന അവസാന ആശ്രയമായാണ് സ്വര്‍ണ വായ്പകളെ കണക്കാക്കുന്നത്.
മൊത്തത്തിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ വ്യവസായത്തിന്റെ വളർച്ചയുടെ ഇരട്ടിയിലധികമാണ് സ്വർണ വായ്പകളിലെ വളർച്ച എന്നതും ശ്രദ്ധേയമാണ്. NBFC വ്യവസായത്തിന്റെ വാര്‍ഷിക വളർച്ച 12 ശതമാനമാണ്. പുതിയതും ഉപയോഗിച്ചതുമായ കാറുകൾക്കുള്ള വായ്പകളാണ് ഉയർന്ന വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കുന്ന മറ്റൊരു വിഭാഗം. വ്യക്തിഗത വായ്പകളാണ് വളര്‍ച്ച നേടുന്ന അടുത്ത ഏറ്റവും വലിയ മേഖല. NBFC വായ്പയുടെ 14 ശതമാനത്തോളവും ഇത്തരത്തിലുളള ലോണുകളാണ്. ഭവന വായ്പകളാണ് ഇതിന് പിന്നാലെയുളളത്. പ്രോപ്പർട്ടി ലോണുകളും സുരക്ഷിതമല്ലാത്ത ബിസിനസുകള്‍ക്കായി എടുക്കുന്ന ലോണുകളും NBFC വായ്പകളില്‍ 8 ശതമാനത്തിലധികം വരും.
ചില NBFC കൾ വരുമാനം പെരുപ്പിച്ചു കാണിക്കുന്നുണ്ട്. NCD കൾ അനുവദിക്കുന്നതിനും കൂടുതൽ വായ്പകൾ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും തരപ്പെടുത്തുന്നതിനും നിക്ഷേപകരെ കബളിപ്പിക്കുന്നതിനുമാണ് ഇത്തരത്തിൽ വളർച്ചയും സ്വർണ്ണപ്പണയവും ഇക്കൂട്ടർ പെരുപ്പിച്ച് കാണിക്കുന്നത്. ഇന്ത്യ മുഴുവൻ ബ്രാഞ്ചുകൾ തുറന്നു വെച്ച് ഹെഡ് ഓഫീസ് ഗോൾഡ് (HO Gold) എന്ന പേരിൽ ടൺ കണക്കിന് മുക്കുപണ്ടങ്ങൾ ഉടമകള്‍തന്നെ തങ്ങളുടെ ബ്രാഞ്ചുകളില്‍ പണയം വെച്ചിരിക്കുന്ന NBFC കളും ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച പരാതികളും തെളിവുകളും റിസർവ്വ് ബാങ്കിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കര്‍ശനമായ പരിശോധനകളും നടപടികളും റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബ്രാഞ്ചുകളില്‍ അപ്രതീക്ഷിത പരിശോധന നടന്നാല്‍ പല NBFC കളും പൂട്ടിക്കെട്ടേണ്ടി വരും.
ലിസ്റ്റ് ചെയ്ത പബ്ലിക് ലിമിറ്റഡ് കമ്പനികളും കണക്കില്‍ കൃത്രിമം കാണിച്ച് കമ്പനിയുടെ ആസ്തികള്‍ പെരുപ്പിച്ചു കാണിക്കാറുണ്ട്. ഇത് ഷെയര്‍ വിലയില്‍ പ്രതിഫലിക്കും. NBFC കമ്പനികൾ അവരുടെതന്നെ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ചാൽ ആര്‍ക്കുചേതം എന്ന് ചിന്തിക്കുന്നവരാണ് കൂടുതലും. NCDകൾ മൂഖേന നൂറു കണക്കിന് കോടികളാണ് വർഷം തോറും ഇവർ സമാഹരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം കമ്പനിക്ക് പുറത്തെത്തിച്ച് മറ്റ് പല ബിസിനസുകളിലും മുടക്കുകയാണ് പലരും, ഇതാകട്ടെ ബിനാമി പേരുകളിലും. ഇതിനുള്ള ഏറ്റവും നല്ല മാർഗ്ഗമായി ഇവർ കണ്ടെത്തിയിരിക്കുന്നത് ഈ മുക്കുപണ്ട പണയങ്ങളാണ്.
ഇതിലൂടെ ലഭിക്കുന്ന പണം നിക്ഷേപകര്‍ അറിയാതെ കമ്പനിക്ക് പുറത്തെത്തും. ഇവിടെ നഷ്ടമാകുന്നത് നിക്ഷേപകരുടെ പണമാണ്. കമ്പനി തകർന്നാൽ ഉടമയുടെ സ്വത്തുക്കള്‍ ബിനാമി പേരുകളിലായതിനാൽ ഈ സ്വത്തുക്കള്‍ കണ്ടുകെട്ടാനോ നിയമനടപടിയിലൂടെ നിക്ഷേപകര്‍ക്ക് കൈവശപ്പെടുത്താനോ കഴിയില്ല. കേരളത്തിലെ ഒരു പ്രമുഖ NBFC യിൽ ആയിരക്കണക്കിന് കോടി രൂപയുടെ മുക്കുപണ്ട പണയ ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഇപ്പോള്‍ ഇവരുടെ പണയ സ്വര്‍ണ്ണം ലേലത്തില്‍ എടുക്കാന്‍ ആളില്ലാതായി. സ്ഥിരമായി ലേലത്തിൽ എടുത്തിരുന്ന പലരും പിന്മാറി. ലേലം കൊണ്ട പണ്ടങ്ങളില്‍ വ്യാപകമായി മുക്കുപണ്ടം കടന്നുകയറിയതോടെയാണ് ഇവരുടെ പിന്മാറ്റം. സാമ്പത്തിക തട്ടിപ്പുകളെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/ >>> തുടരും ……
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].