ചാത്തന്നൂർ : കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തിൽ ജയിലിൽ കഴിയുന്ന രേഷ്മയുടെ ആൺസുഹൃത്തുക്കളുടെ മൊഴിയെടുത്തു. നവമാധ്യമങ്ങളിലൂടെ രേഷ്മ ഏറ്റവുമധികം ചാറ്റ് ചെയ്തിരിക്കുന്നവരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. രേഷ്മയ്ക്ക് വിവിധപ്രായങ്ങളിലുള്ളവരുമായി സൗഹൃദമുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
രേഷ്മയ്ക്കെതിരേ നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. ഫെയ്സ്ബുക്ക് കാമുകനൊപ്പം പോകുന്നതിന് തടസ്സമായേക്കുമെന്നതിനാൽ പ്രസവിച്ചയുടൻ കുഞ്ഞിനെ ഉപേക്ഷിച്ചെന്ന രേഷ്മയുടെ മൊഴിയുടെ വിശദാംശങ്ങൾ മാത്രമാണ് പോലീസിന് തെളിയിക്കാനുള്ളത്. അതിനുള്ള അന്വേഷണമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തുന്നതെന്നും അന്വേഷണോദ്യോഗസ്ഥനായ പാരിപ്പള്ളി എസ്.എച്ച്.ഒ. അൽ ജബ്ബാർ പറഞ്ഞു.
അനന്തുവെന്ന ഫെയ്സ്ബുക്ക് കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പോലീസിനു നൽകിയ മൊഴി. ബിലാൽ എന്ന പേരിൽ ഫെയ്സ്ബുക്ക് അക്കൗണ്ടുള്ള വർക്കല സ്വദേശിയായ യുവാവുമായി രേഷ്മയ്ക്ക് സൗഹൃദമുണ്ടായിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുദിവസംമുൻപ് ജയിലിലെത്തി ചോദ്യംചെയ്തപ്പോൾ വർക്കല സ്വദേശിയായ അനന്തു പ്രസാദിന്റെ ചിത്രം കാട്ടിയശേഷം അറിയുമോയെന്ന് അന്വേഷണസംഘം ചോദിച്ചിരുന്നു. അപ്പോൾ അറിയാം ബിലാൽ എന്ന സുഹൃത്താണെന്ന് രേഷ്മ മറുപടി പറഞ്ഞിരുന്നു. ക്വട്ടേഷൻ ആക്രമണക്കേസിൽ ചാത്തന്നൂർ പോലീസ് പിടികൂടിയ അനന്തു പ്രസാദ് ജയിലിലാണ്. എന്നാൽ അനന്തുവെന്ന പേരിൽ ചാറ്റ് ചെയ്തത് രേഷ്മയുടെ ബന്ധുക്കൾകൂടിയായ ആര്യയും ഗ്രീഷ്മയുമാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ യുവതികൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന.
രേഷ്മയെ പാരിപ്പള്ളി പോലീസ് ജയിലിൽവെച്ച് ചോദ്യംചെയ്തപ്പോൾ ആര്യയും ഗ്രീഷ്മയും പാവങ്ങളാണെന്നും യഥാർഥ അനന്തു അവരല്ലെന്നും രേഷ്മ അന്വേഷണസംഘത്തോടു പറഞ്ഞു. കുഞ്ഞു മരിച്ച സംഭവത്തിൽ കുറ്റബോധമില്ലെന്നും ജയിലിൽനിന്നിറങ്ങിയാലും അനന്തുവിനൊപ്പം പോകാൻ ശ്രമിക്കുമെന്നുമാണ് രേഷ്മയുടെ മൊഴി. ആര്യയും ഗ്രീഷ്മയുമാണ് അനന്തുവായി ഫെയ്സ്ബുക്കിൽ ചാറ്റ് ചെയ്തതെന്നും കേസന്വേഷണത്തിനിടെ അവരെ കാണാതായെന്നും ആത്മഹത്യ ചെയ്തിരിക്കാനിടയുണ്ടെന്നും പറഞ്ഞപ്പോൾമാത്രമാണ് രേഷ്മ ചെറുതായൊന്നു വിതുമ്പിയത്. അനന്തുവെന്ന പേരിലുള്ള രണ്ടിൽക്കൂടുതൽ ആളുകളോട് രേഷ്മയ്ക്ക് ഫെയ്സ്ബുക്ക് ബന്ധമുണ്ടായിരുന്നു. അതിലൊരാൾ ചാത്തന്നൂർ പോലീസ് അറസ്റ്റുചെയ്ത ക്വട്ടേഷൻ കേസ് പ്രതിയായ വർക്കല സ്വദേശിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.