ചാത്തന്നൂർ : കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രേഷ്മ(22)യുടെ ഭർത്താവിനെയും ബന്ധുവിനെയും ചോദ്യം ചെയ്തു. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിനെയും ഇത്തിക്കരയാറ്റിൽച്ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ ഭർത്താവും വിഷ്ണുവിന്റെ ജ്യേഷ്ഠനുമായ രഞ്ജിത്തിനെയുമാണ് ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ ആറുമണിക്കൂറോളം ചോദ്യം ചെയ്തത്.
കുഞ്ഞിനെ കണ്ടെത്തി രണ്ടുമാസത്തിനുശേഷം വിദേശത്തേക്കു പോയ വിഷ്ണു ഭാര്യയെ അറസ്റ്റ് ചെയ്തതറിഞ്ഞാണ് തിരിച്ചെത്തിയത്. വിഷ്ണു നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ് ആര്യയെ പാരിപ്പള്ളി പോലീസ് മൊഴിയെടുക്കാനായി വിളിപ്പിച്ചത്. പോലീസ് വിളിപ്പിക്കുന്നതിനു മുമ്പുതന്നെ ആര്യയും ബന്ധു ഗ്രീഷ്മയും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നെന്നാണ് പോലീസിനു ലഭിച്ച വിവരം. അതിന്റെ കാരണങ്ങളാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
രേഷ്മയുടെ ഫെയ്സ് ബുക്ക് കാമുകനെ കണ്ടെത്താനുള്ള അന്വേഷണത്തിലും തെളിവുകൾ ലഭിച്ചതായാണ് സൂചന. അനന്ദു എന്ന ഐ.ഡി.യിൽനിന്നാണ് കണ്ടിട്ടില്ലാത്ത കാമുകൻ രേഷ്മയുമായി ചാറ്റുചെയ്തിരിക്കുന്നത്. കാമുകനോടൊപ്പം പോകാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അനന്ദു എന്ന ഫെയ്സ് ബുക്ക് ഐ.ഡി.യുമായി ബന്ധപ്പെട്ട് ചിലരെ നിരീക്ഷിച്ചുവരികയാണ് പോലീസ്. വൈകാതെ വലയിലാക്കാൻ കഴിയുമെന്ന് എ.സി.പി. പറഞ്ഞു.
ആര്യയുടെയും ഗ്രീഷ്മയുടെയും മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഫെയ്സ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ രേഷ്മയും ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും നടത്തിയ ആശയവിനിമയങ്ങൾ ആരുമായാണെന്നു കണ്ടെത്താനാണ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുന്നത്.