കണ്ണൂര്‍ : സി.പി.എം പ്രവര്‍ത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോലിലെ ഹരിദാസന്‍ വധക്കേസിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, കാരായി രാജന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. വനിതാ പോലീസ് ഇല്ലാതെ രാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്തു, സ്റ്റേഷനില്‍വെച്ച് കൂത്തുപറമ്പ് സി.ഐ മോശമായി സംസാരിച്ചു, ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്നിവയും പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഹരിദാസ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായം ചെയ്ത രേഷ്മയെ ജാമ്യത്തിലിറക്കിയത് ബി.ജെ.പി നേതാവാണെന്നും ഹാജരായത് ബി.ജെ.പി അഭിഭാഷകനാണെന്നും എം.വി. ജയരാജന്‍ പറഞ്ഞിരുന്നു.ഈ സ്ത്രീയെ കോടതിയില്‍നിന്ന് കൊണ്ടുപോകുന്നത് ബി.ജെ.പിയുടെ മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. കേസില്‍ ഹാജരായത് ബി.ജെ.പിയുടെ അഭിഭാഷകനുമാണ്. പ്രതിയെ സംരക്ഷിച്ച സ്ത്രീക്ക് വേണ്ടി ബി.ജെ.പിക്കാര്‍ എത്തിച്ചേരുന്നു എന്നത് നിസാരമായ കാര്യമല്ല. അതിനാല്‍ ഇക്കാര്യത്തില്‍ വേറെ സംശയത്തിന് അടിസ്ഥാനമില്ല -എം.വി ജയരാജന്‍ പറഞ്ഞു.
ഒളിവില്‍ താമസിപ്പിച്ച നിജില്‍ ദാസിനെ ഒരു വര്‍ഷത്തിലേറെയായി നേരിട്ട് അറിയാമെന്നും പ്രതിയായ ഇയാള്‍ വീട്ടില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വന്നതാണെന്നും വീട്ടില്‍ ആരുമില്ലാത്തതിനാല്‍ അവിടെ താമസിപ്പിച്ചുവെന്നും ഈ സ്ത്രീ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസുകാരനായ കൊലക്കേസിലെ പ്രതിയെ നേരത്തെ തന്നെ നേരിട്ടറിയാവുന്ന സ്ത്രീ ഒളിവില്‍ താമസിപ്പിച്ചു എന്നത് ആര്‍.എസ്.എസ് ബന്ധമല്ലാതെ മറ്റെന്താണ്? -അദ്ദേഹം ചോദിച്ചു. രേഷ്മയുടേത് സി.പി.എം കുടുംബമാണെന്ന വാദം വാസ്തവവിരുദ്ധമാണെന്നും എം.വി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.
സൈബര്‍ ആക്രമണത്തില്‍ മനം നൊന്തിരിക്കുകയാണ് രേഷ്മയുടെ കുടുംബം. നിജില്‍ ദാസിന്റെ ഭാര്യ ദിപിനയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് രേഷ്മയെന്നു ഇവരുടെ മകള്‍ പറയുന്നു. ദിപിന ആവശ്യപ്പെട്ടിട്ടാണ് വീട് നല്‍കിയത്. നാല് ദിവസത്തേക്കാണു വീടു നല്‍കിയത്. വീട്ടില്‍ കുറച്ചു പ്രശ്നങ്ങളുള്ളതിനാല്‍ മാറി നില്‍ക്കണമെന്ന് അമ്മയോടു പറഞ്ഞതു ദിപിനയാണെന്നും രേഷ്മയുടെ മകള്‍ പറയുന്നു.
എഗ്രിമെന്റ് തയാറാക്കി ഒപ്പിട്ടു വാങ്ങിയ ശേഷമാണു വീടു നല്‍കിയതെന്ന് രേഷ്മയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. എരഞ്ഞോളി വടക്കുംഭാഗം പ്രദേശത്താണു രേഷ്മയുടെയും ദിപിനയുടെയും വീട്. ഇവര്‍ ഉറ്റ സുഹൃത്തുക്കളുമായിരുന്നു. അടുത്ത കൂട്ടുകാരിയുടെ ഭര്‍ത്താവായതിനാലാണു വീടു നല്‍കിയതെന്നു രേഷ്മയുടെ മാതാപിതാക്കള്‍ പറയുന്നു. മകളുടെ ഭര്‍ത്താവ് പ്രശാന്തിന്റെയും തങ്ങളുടെയും സമ്മതത്തോടെയാണ് എഗ്രിമെന്റ് എഴുതി വാങ്ങി താക്കോല്‍ കൈമാറിയത്. പോലീസ് വീട്ടില്‍ വന്നതോടെയാണ് അബദ്ധം പറ്റിയതായി മനസ്സിലാക്കിയത്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ കണ്ടു നടുങ്ങിയെന്നും രേഷ്മയുടെ മാതാപിതാക്കള്‍ പറഞ്ഞു.
സ്ഥിരമായി വാടകയ്ക്കു നല്‍കുന്ന വീടാണിത്. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പിണറായിയില്‍ സംഘടിപ്പിച്ചിരുന്ന ‘പിണറായിപ്പെരുമ’ പരിപാടിക്ക് എത്തിയവരാണ് ഏപ്രില്‍ ഒന്ന് മുതല്‍ എട്ട് വരെ താമസിച്ചിരുന്നത്. രേഷ്മയെ സൈബര്‍ ഇടങ്ങളില്‍ വളരെ മോശമായി ചിത്രീകരിച്ചവര്‍ക്ക് എതിരെയും ന്യൂമാഹി പോലീസിനെതിരെയും മനുഷ്യാവകാശ കമ്മിഷനും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് രേഷ്മയുടെ അഭിഭാഷകന്‍ പി. പ്രേമരാജന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.