കോന്നി : കോന്നിയിൽ മഴ ശക്തമായതോടെ ഭീതിയിലാണ് കോന്നി ഗ്രാമ പഞ്ചായത്തിലെ പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിവാസികൾ. 2019ഒക്ടോബർ 21 നാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. കോന്നി ഗ്രാമ പഞ്ചായത്തിലെ 15,16 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ കോന്നി ഉപതിരഞ്ഞെടുപ്പ് ദിവസം നടന്ന മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് ജിയോളജിയും ജില്ലാ കളക്ടറും അടങ്ങുന്ന സംഘം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ ഈ ഭൂമി വാസ യോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.എന്നാൽ പിന്നീട് പുതിയ ജന പ്രതിനിധിയും പഞ്ചായത്ത് ഭരണ സമിതിയും അധികാരത്തിൽ എത്തിയതിനുശേഷവും ഇവരുടെ ജീവിത സാഹചര്യത്തിൽ മാറ്റമുണ്ടായില്ല.ഇവർക്ക് വാസയോഗ്യമായ ഭൂമി കണ്ടെത്തുന്നതിനും വീട് വെക്കുന്നതിനും സംസ്ഥാന സർക്കാർ പണം അനുവദിച്ചിരുന്നു എങ്കിലും ഇത് പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങി.
മുപ്പത്തിരണ്ട് കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ആണ് സർക്കാർ തീരുമാനിച്ചത്. ഇത് എങ്ങനെ വേണം എന്ന് ആലോചിക്കുവാൻ കോന്നി എം എൽ എ കെ യു ജനീഷ് കുമാർ റവന്യു, പഞ്ചായത്ത് അധികൃതരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.ഇവർക്ക് കേരളത്തിൽ മറ്റൊരിടത്തും ഭൂമി ഇല്ലന്ന് സ്വയം സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റ് നൽകിയാൽ കോളനി വാസികൾക്ക് വസ്തു വാങ്ങുന്നതിനുള്ള പണം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ കോന്നിയിൽ മഴ ശക്തമാകുമ്പോൾ പൊന്തനാം കുഴി നിവാസികളുടെ മനസിൽ ഭീതി വർധിക്കുകയാണ്. മുപ്പത്തിരണ്ട് കുടുംബങ്ങൾ അധിവസിക്കുന്ന ഈ കോളനിയിൽ കുത്തനെ ഉള്ള ഭൂമി ആയതിനാൽ വീണ്ടും ഇവിടെ മണ്ണിടിച്ചിൽ സാധ്യതയും വർധിക്കുന്നു.