കാബൂൾ : രാജ്യത്തെ ബ്യൂട്ടി പാർലറുകൾ പൂട്ടാനുള്ള തീരുമാനം വരന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണെന്ന വിചിത്ര ന്യായീകരണവുമായി താലിബാൻ രംഗത്ത്. താലിബാൻ വക്താവ് സാദിഖ് ആകിഫ് മഹ്ജെർ ഒരു വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്ലാമിക വിശ്വാസത്തിന് എതിരായതിനാലും വിവാഹസമയത്ത് വരൻ്റെ കുടുംബത്തിനുണ്ടാവുന്ന ഭീമമായ സാമ്പത്തിക ബാധ്യത കുറയ്ക്കാനുമാണ് ബ്യൂട്ടി പാർലറുകൾ പൂട്ടിയതെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. വിവാഹത്തിനു മുൻപ് വധുവിനും ബന്ധുക്കൾക്കും ബ്യൂട്ടി പാർലറിലെ സേവനങ്ങൾക്കുള്ള പണം നൽകേണ്ടത് വരൻ്റെ കുടുംബമാണ്. ഇത് അവർക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു എന്നാണ് താലിബാന്റെ വിശദീകരണം.
പുരികം മോടി വരുത്തൽ, സ്വാഭാവിക മുടിയ്ക്ക് നീളം കൂട്ടാനുള്ള വെപ്പുമുടി, മേക്കപ്പ് എന്നിവയൊക്കെ ഇസ്ലാമിൽ നിഷിദ്ധമാണെന്നും, ഇതൊന്നും അണിഞ്ഞ് നിസ്കരിക്കാനാവില്ലെന്നും വീഡിയോയിൽ കൂട്ടിച്ചേർക്കുന്നുണ്ട്. രാജ്യത്തെ ബ്യൂട്ടി പാർലറുകൾ ഒരു മാസത്തിനുള്ളിൽ പൂട്ടണമെന്നായിരുന്നു താലിബാൻ്റെ നിർദ്ദേശം. അഫ്ഗാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ കടിഞ്ഞാണിടുന്ന നടപടികൾ താലിബാൻ തുടരുകയാണ്. വിദ്യാഭ്യാസം, തൊഴിൽ, പൊതുസ്ഥലങ്ങൾ തുടങ്ങി മിക്കയിടങ്ങളിലും നിലവിൽ സ്ത്രീകൾക്ക് കടുത്ത വിലക്കാണ് താലിബാൻ ഏർപ്പെടുത്തിയിട്ടുള്ളത്.