കാസർഗോഡ്: വിനോദസഞ്ചാരത്തിനൊപ്പം പരിസ്ഥിതിസൗഹൃദ പ്രവര്‍ത്തനങ്ങളും നടത്തി ഉത്തരവാദിത്വ ടൂറിസം മിഷന്‍. ഇതിന്റെ ഭാഗമായി കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതികള്‍, തനത് വിഭവങ്ങള്‍, കാര്‍ഷിക വിനോദസഞ്ചാരം എന്നിവ പ്രോത്സാപ്പിക്കാന്‍ 50 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനമായി. പാരിസ്ഥിതിക ഉത്തരവാദിത്വം പ്രോത്സാഹിപ്പിക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയുമായി ചേര്‍ന്നും വിവിധ പരിപാടികള്‍ വിഭാവനംചെയ്തിട്ടുണ്ട്. ഹോംസ്റ്റേകള്‍ക്ക് മാലിന്യസംസ്‌കരണത്തിന് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനും മറ്റും 25,000 രൂപ അനുവദിക്കും. കേരള ഉത്തരവാദിത്വ മിഷന്‍ ടൂറിസം (കെആര്‍ടിഎം) സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും വനിതകള്‍ നയിക്കുന്നതും വിനോദസഞ്ചാര വകുപ്പിന്റെ ക്ലാസിഫിക്കേഷനില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായിരിക്കണം സ്ഥാപനം.
ഒരു ജില്ലയില്‍നിന്ന് ഒരു ഹോംസ്റ്റേ യൂണിറ്റിനെയാണ് ഇതിനായി തിരഞ്ഞെടുക്കുക. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെആര്‍ടിഎം സൊസൈറ്റിയില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള കയാക്കിങ് യൂണിറ്റുകള്‍ക്ക് 40,000 രൂപ വീതം പ്രവര്‍ത്തന സഹായധനം നല്‍കും. സംസ്ഥാനത്ത് അഞ്ച് യൂണിറ്റുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. തനത് വിഭവ, കാര്‍ഷിക വിനോദസഞ്ചാര യൂണിറ്റുകള്‍ക്ക് 25,000 രൂപ വീതവും സഹായധനം അനുവദിക്കും. ഓരോ ജില്ലയില്‍നിന്നും രണ്ടുവീതം തനത് വിഭവ, കാര്‍ഷിക വിനോദസഞ്ചാര യൂണിറ്റുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. സംസ്ഥാനത്തൊട്ടാകെ 56 യൂണിറ്റുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.