കോതമംഗലം : പതിനായിരങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. മയക്കുമരുന്ന് നൽകിയ അങ്കമാലി സ്വദേശിയെ കണ്ടെത്താൻ അന്വേഷണം ഊർജിതം. 335 ഗ്രാം ഹാഷിഷ് പ്രതിയിൽ നിന്ന് കണ്ടെടുത്തു. കോതമംഗലം രാമല്ലൂർ അമ്പാട്ടുവീട്ടിൽ ക്രിസ്റ്റിൻ ജോസ് (30) ആണ് ഹാഷിഷുമായി അറസ്റ്റിലായത്. കോതമംഗലം എക്സൈസ് സി.ഐ ജോസ് പ്രതാപും സംഘവും അടിവാട് നെല്ലിമറ്റം റോഡിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
കുത്തുകുഴി മാരമംഗലം ഭാഗത്ത് സംശയാസ്പദ സാഹചര്യത്തിൽ കാറുമായി കണ്ടത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഹാഷിഷ് ഓയിൽ പാക്കറ്റ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്. അങ്കമാലി സ്വദേശി ബിന്റോയിൽ നിന്ന് മൂന്നാഴ്ചമുമ്പ് ഒരുകിലോ ഹാഷിഷ് ഓയിൽ ഒന്നരലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ചെറുകുപ്പികളിലാക്കി 500, 1000, 2000 രൂപയ്ക്ക് ചില്ലറ വിൽപ്പന നടത്തിവരുന്നതിനിടെയാണ് പ്രതി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എൻ.ഡി.പി.എസ് കേസെടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.