ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത അവസരത്തില്‍ അബദ്ധത്തില്‍ അതിര്‍ത്തി മറികടന്ന ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായ്ക്ക് പാക് സൈന്യത്തിന്റെ പക്കല്‍നിന്നും പീഡനങ്ങള്‍ നേരിടേണ്ടിവന്നതായി വെളിപ്പെടുത്തല്‍. ഏപ്രില്‍ 23-ന് പാകിസ്താന്‍ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ജവാനെ 20 ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ച രാവിലെയാണ് ഇന്ത്യക്ക് കൈമാറിയത്. ഈ ദിവസങ്ങളില്‍ പാകിസ്താന്റെ സൈനിക ക്യാമ്പില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചാണ് വെളിപ്പെടുത്തല്‍. പാക് സൈനികര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും മാനസികമായും ശാരീരികമായും തളര്‍ത്താന്‍ വേണ്ട പ്രവര്‍ത്തികള്‍ ചെയ്തിരുന്നതായി പൂര്‍ണം കുമാര്‍ വെളിപ്പെടുത്തിയതായി സൈനികവൃത്തങ്ങള്‍ പറയുന്നു.
‘ഭൂരിഭാഗം സമയവും കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ഉറങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചിരുന്നില്ല. നിരന്തരം ചീത്തവിളിച്ചു. മൂന്ന് സ്ഥലങ്ങളില്‍ മാറ്റി പാര്‍പ്പിച്ചു. അതില്‍ ഒന്ന് ഒരു വ്യോമസേനാ താവളമായിരുന്നു. അവിടെനിന്നും വിമാനങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ശബ്ദങ്ങള്‍ കേട്ടിരുന്നു. പിന്നീട് ഒരു ജയിലറയിലേക്ക് മാറ്റി,’ പൂര്‍ണം കുമാറിനെ ഉദ്ധരിച്ച് സൈനികവൃത്തങ്ങള്‍ പറഞ്ഞു. സൈനികവേഷങ്ങളിലല്ല മറിച്ച് സാധാരണ വേഷങ്ങളില്‍ എത്തിയ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലെ ബിഎസ്എഫിന്റെ സേനാവിന്യാസത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി.
ചില ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള ഫോണ്‍നമ്പറുകളും അവര്‍ പൂര്‍ണം ഷായോട് അന്വേഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അത്തരം വിവരങ്ങളൊന്നും നല്‍കിയിട്ടില്ല എന്നാണ് പറഞ്ഞതെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. അട്ടാരി-വാഗാ അതിര്‍ത്തിയില്‍വെച്ച് പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയ പൂര്‍ണം ഷാ നിലവില്‍ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിലാണ് ഉള്ളത്. അദ്ദേഹം മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുത്ത് വരുന്നതായും ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു. പാക് സൈന്യത്തിന്റെ പക്കലായിരുന്നപ്പോള്‍ പൂര്‍ണം ഷാ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ചതായും അവര്‍ അറിയിച്ചു. 24-ാം ബിഎസ്എഫ് ബറ്റാലിയനില്‍ അംഗമായ പൂര്‍ണം കുമാര്‍ ഷാ പശ്ചിമബംഗാള്‍ സ്വദേശിയാണ്.