ആലപ്പുഴ : സ്കൂൾവളപ്പിൽ അരി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ആലപ്പുഴ ആര്യാട് കോമളപുരത്തുള്ള ഒരു സ്കൂളിലാണ് സംഭവം. പി.എസ്.സി. പരീക്ഷ നടക്കുന്ന ദിവസം സ്കൂളിലെത്തിയവരിൽ ചിലർ കാർ പാർക്കുചെയ്യാൻ ശ്രമിച്ചപ്പോൾ ചക്രം മണ്ണിൽ താഴ്ന്നപ്പോഴാണ് കുഴിച്ചു മൂടിയ നിലയിൽ അരി കണ്ടത്. നാട്ടുകാരിലൊരാൾ ഇതിന്റെ വീഡിയോ ദൃശ്യം പകർത്തി സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണു സംഭവം പുറത്തറിയുന്നത്.
വിഷയത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ സപ്ലൈ ഓഫീസർ എം.എസ്. ബീന അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസറോടാണ് അന്വേഷണത്തിന് നിർദേശിച്ചിട്ടുള്ളത്. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കു വിതരണം ചെയ്യാനെത്തിച്ച അരിയാണ് കുഴിച്ചു മൂടിയതെന്നാണു നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ വിദ്യാഭ്യാസവകുപ്പും അന്വേഷണം ആരംഭിച്ചതായാണു സൂചന.