പത്തനംതിട്ട : ആതിരമല പ്രാഥമികാരോഗ്യ ഉപകേന്ദ്രം ഡിസംബര്‍ 14 ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നാടിന് സമര്‍പ്പിക്കും. എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം പണിപൂര്‍ത്തീകരിച്ചത്. പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിലായിരുന്നു പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പന്തളം നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ ജനങ്ങളുടെ ആശ്രയകേന്ദ്രം കൂടിയായ ഈ ആതുരാലയത്തിന് സ്വന്തമായി ഒരു കെട്ടിടം എന്ന നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. ബിനുഭവനില്‍ ജനാര്‍ദ്ദനക്കുറുപ്പ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഉപകേന്ദ്രത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. ജനാര്‍ദ്ദനക്കുറുപ്പിന്റെ പിതാവ് നാരായണക്കുറുപ്പിന്റെ സ്മരണാര്‍ഥമാണ് കെട്ടിടത്തിന് പേരിട്ടിരിക്കുന്നത്.
വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങില്‍ നിര്‍മ്മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷ് അധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ജി രാജേഷ്‌കുമാര്‍, വിവിധ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി ജയന്‍, കെ.പി ഉദയഭാനു, ഏഴംകുളം നൗഷാദ്, ആര്‍.ജ്യോതികുമാര്‍, എസ്.രാജേന്ദ്രന്‍, ജെ.രാധാകൃഷ്ണനുണ്ണിത്താന്‍, അച്ചന്‍കുഞ്ഞ് ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജില്ല നിര്‍മ്മിതി കേന്ദ്രം ആയിരുന്നു നിര്‍മ്മാണ ചുമതല.