ന്യൂഡൽഹി; മെയ്‌ത്തി വിദ്യാർത്ഥി പ്രക്ഷോഭത്തില്‍ മണിപ്പുരിലെ ക്രമസമാധാനനില തകർന്നതോടെ ഗവണർ എൽ പി ആചാര്യ സംസ്ഥാനം വിട്ടു. കഴിഞ്ഞദിവസം രാവിലെ 8.45ന് ഇംഫാലിലെ രാജ്‌ഭവനിൽനിന്ന് പുറപ്പെട്ട ഗവർണർ 9.15ന്റെ ഇൻഡിഗോ വിമാനത്തില്‍ അസമിലെ ഗുവാഹത്തിയിലേക്ക് പോയി. ഗവർണർ പുറപ്പെടുന്നതിന് രണ്ടുമണിക്കൂർ മുമ്പുതന്നെ വഴികളിൽ പോലീസും അർധ സൈനികവിഭാഗവും സുരക്ഷ ശക്തമാക്കി. അസമിന്റെ അധികചുമതലയുള്ള ആചാര്യ നിർണായക സമയത്ത് വിശദീകരണമില്ലാതെ സ്ഥലംവിട്ടത് വന്‍ വിമർശത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. മെയ്‌ത്തി വിദ്യാർത്ഥികൾ ഉന്നയിച്ച വിഷയങ്ങളിൽ ചർച്ച നടത്താമെന്ന് ഗവർണർ അറിയിച്ചിരുന്നു.
മുന്നറിയിപ്പില്ലാതെ ഗവര്‍ണര്‍ മുങ്ങിയത് പ്രക്ഷോഭകരെ പ്രകോപിതരാക്കി. ഗവർണർ തിരിച്ചെത്തുന്ന കാര്യത്തിൽ വ്യക്തതയില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മെയ്‌ത്തി വിദ്യാർത്ഥികൾ രാജ്‌ഭവനുനേരെ ആക്രമണം നടത്തിയിരുന്നു. സുരക്ഷാഭീഷണി മുൻനിർത്തിയാണോ ഗവർണർ പോയതെന്ന് പോലീസും വ്യക്തമാക്കിയിട്ടില്ല. അതിനിടെ സുരക്ഷസേനയുടെ ചൊവ്വാഴ്‌ചത്തെ തിരിച്ചടിയിൽ ഒരു വിദ്യാർത്ഥി കൊല്ലപ്പെട്ടന്ന് നേതാക്കൾ പറഞ്ഞു. വിവരം സ്ഥിരീകരിച്ചിട്ടില്ല. സംഘർഷം ശക്തിപ്പെട്ടതോടെ 2000 ഭടന്മാരടങ്ങുന്ന രണ്ട് സിആർപിഎഫ് ബറ്റാലിയനെകൂടി വിന്യസിച്ചു. കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ ജില്ലകളിലാണ് സേനയെ വിന്യസിക്കുക.
തെലങ്കാനയിലെ വാറങ്കലിൽനിന്ന് 38 –-ാം ബറ്റാലിയനും ജാർഖണ്ഡിലെ ലത്തേഹാറിൽനിന്ന് 112–-ാം ബറ്റാലിയനും മണിപ്പുരിലേക്ക് നീങ്ങുകയാണ്. നിലവിൽ 16 ബറ്റാലിയൻ അർധസേനയാണ് മണിപ്പുരിലുള്ളത്. ബുധനാഴ്‌ച കാര്യമായ സംഘർഷമുണ്ടായിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് പോലീസ് അറിയിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഡ്രോൺ ആക്രമണങ്ങളിൽ കൂടുതൽ പഠനം നടത്താൻ സിആർപിഎഫ്, ബിഎസ്‌എഫ് സേനകളുടെ സാങ്കേതിക വിദഗ്ധർ ഈ ആഴ്‌ച സംസ്ഥാനത്തെത്തും.