വിഴിഞ്ഞം: ശക്തിയേറിയ തിരമാലകൾ വരുന്ന അടിമലത്തുറ, ആഴിമല തീരങ്ങളിൽ ആളുകൾ കടലിലിറങ്ങുന്നതിനെതിരേ മുന്നറിയിപ്പുമായി സമുദ്ര പഠനകേന്ദ്രമായ ഇൻകോയിസ്. കൂറ്റൻ തിരമാലകളും ചുഴികളും ചേർന്നു സൃഷ്ടിക്കുന്ന റിപ്പ് കറന്റ് പ്രതിഭാസം പതിവായ ഈ തീരങ്ങൾ ഏതു നിമിഷവും അപകടകാരിയായി മാറുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ആളുകളെയും വസ്തുക്കളെയും തിരയ്‌ക്കൊപ്പം കടലിനുള്ളിലേക്ക് വലിച്ചെടുക്കുന്ന പ്രതിഭാസത്തെയാണ് റിപ്പ് കറന്റ് എന്നു വിളിക്കുന്നത്. അവധിക്കാലമടുത്തതോടെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഈ തീരത്തെത്തുന്നത്.
തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ശക്തിയേറിയ തിരമാലകൾ ആറായിരത്തോളം കിലോമീറ്റർ സഞ്ചരിച്ച് അടിമലത്തുറ-ആഴിമല- വിഴിഞ്ഞം ഭാഗത്താണ് കടലിൽ കൂടിച്ചേരുന്നത്. ഈ തിരമാലകളാണ് അപകടത്തിനിടയാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയും അടിമലത്തുറ കടലിൽ കാൽ നനയ്ക്കാനിറങ്ങിയ കുട്ടികളുൾപ്പെട്ട വിനോദസഞ്ചാരികൾ തിരയിൽപ്പെട്ടിരുന്നു. ലൈഫ് ഗാർഡുകളുടെ സമയോചിത ഇടപെടലിനെ തുടർന്നാണ് അവരെ രക്ഷപ്പെടുത്താനായത്. കരയിലേക്കു വരുന്ന ശക്തമായ തിരമാലകളുടെ വരികൾ മുറിഞ്ഞ് രണ്ടായി മാറും.
ഇതിനു പിന്നാലെ വരുന്ന തിരമാലയുടെ ശക്തിയും അടിയൊഴുക്കും ചേർന്ന് ചുഴിക്ക് സമാനമായ വലിയ വലയമുണ്ടാകും. ഈ സമയത്ത് ആ ഭാഗത്ത് വെള്ളത്തിൽ നിൽക്കുന്നവരെയോ മറ്റ് വസ്തുക്കളെയോ കടലിനുള്ളിലേക്ക് വലിച്ചെടുത്ത് കൊണ്ടുപോകുന്നതാണ് റിപ്പ് കറന്റ് പ്രതിഭാസമെന്ന് ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസിലെ (ഇൻകോയിസ്) ഗ്രൂപ്പ് ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. ബാലകൃഷ്ണൻ നായർ പറഞ്ഞു. ലഭിച്ച വിവരമനുസരിച്ച് ഇന്ത്യയിലെ വിവിധ കടലുകളിൽ തിരയിൽപ്പെട്ട് 130-ഓളം പേർ കഴിഞ്ഞവർഷം മുങ്ങിമരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.