പത്തനംതിട്ട : ജില്ലയില്‍ വെളളപ്പൊക്കം ഉണ്ടായ സാഹചര്യത്തില്‍ എലിപ്പനിക്കും വയറിളക്ക രോഗങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. എലിമാളങ്ങളില്‍ വെളളം കയറിയതിനാല്‍ എലിപ്പനി രോഗാണുക്കള്‍ വെളളത്തില്‍ കലരാനും കൂടുതല്‍ പ്രദേശങ്ങളില്‍ വ്യാപിക്കാനും ഇടയുണ്ട്. പനി ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സ നടത്താതെ എത്രയും വേഗം ഡോക്ടറെ സമീപിക്കണം. മലിന ജലവുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ വിവരം ഡോക്ടറെ അറിയിക്കണമെന്നും മലിന ജലവുമായി സമ്പര്‍ക്കം ഉണ്ടാകുന്ന സാഹചര്യം ഉണ്ടെങ്കില്‍ എലിപ്പനിബാധ ഒഴിവാക്കുന്നതിനായി മുന്‍കരുതല്‍ ഗുളികയും കഴിക്കണം.
ഇതിനായുളള ഡോക്സി സൈക്ലിന്‍ ഗുളികകള്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. വെളളപ്പൊക്കം മൂലം മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവയുടെ രോഗാണുക്കള്‍ കുടിവെളളത്തില്‍ കലരാനുളള സാഹചര്യമാണ് നിലവിലുളളത്. കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും വെട്ടിത്തിളപ്പിച്ച വെളളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. തിളപ്പിച്ച വെളളത്തിലേക്ക് പച്ചവെളളം ഒഴിച്ച് തണുപ്പിച്ച് ഉപയോഗിക്കുന്ന രീതി ഒരു കാരണവശാലും പാടില്ല. വയറിളക്കം മൂലമുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയുന്നതിനായുളള ഒ.ആര്‍.എസ് പായ്ക്കറ്റുകള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.