പത്തനംതിട്ട : നദികളെ സംരക്ഷിക്കാനും നദീതടങ്ങളുമായി ബന്ധപ്പെട്ട മേഖലകളെ കൂടുതല്‍ പരിപാലിക്കാനും ലക്ഷ്യമിട്ടുള്ള ആക്ഷന്‍ പ്ലാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ളതെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംയോജിത നദീതട മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പമ്പാനദീതട പദ്ധതി പങ്കാളികള്‍ക്കായുള്ള ശില്പശാല ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പല കാലഘട്ടങ്ങളില്‍ നിരവധി ദുര്‍ഘടങ്ങളെ അതിജീവിച്ച സംസ്‌കാരമാണ് പമ്പാനദീതീരങ്ങളിലുള്ളത്. സമീപകാലങ്ങളിലുണ്ടായ തുടരെയുള്ള പ്രളയങ്ങളും തുടര്‍ന്നുള്ള നാശനഷ്ടങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പമ്പാ നദീതട സംയോജിത പദ്ധതി എന്ന നിലയില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി നദീതടങ്ങളെപ്പറ്റി സമഗ്രമായ പഠനം അനിവാര്യമാണ്. അതിരൂക്ഷമായ പ്രളയങ്ങളുടെ തീവ്രത ലഘൂകരിക്കുന്നതിനും തീരപ്രദേശങ്ങളിലെ മണ്ണിടിച്ചില്‍ തടയുന്നതിനും അനുയോജ്യമായ ക്രമീകരണങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ക്രിയാത്മകമായ പദ്ധതികള്‍ക്കു തുടക്കം കുറിക്കുന്നതിനു മുന്നോടിയായി ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ചുള്ള സെമിനാറാണ്് സംഘടിപ്പിച്ചിരിക്കുന്നതെന്നും ജലവിഭവ മന്ത്രി പറഞ്ഞു.
നദികളുമായി ബന്ധപ്പെട്ട നീര്‍പ്രവാഹങ്ങളെ ജലനിര്‍ഗമന പാതകള്‍ തടസ്സപ്പെടാതെ സംരക്ഷിക്കണം എന്ന തിരിച്ചറിവാണ് നദീതട സംയോജിത പദ്ധതിക്ക് ആധാരമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പമ്പാനദിയുമായി ബന്ധപ്പെട്ട എല്ലാ വികസനപ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമാകുന്ന ആക്ഷന്‍ പ്ലാനാണ് സര്‍ക്കാര്‍ ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന്റെ ഭാഗമായാണ് ഈ പദ്ധതിയും ശില്പശാലയും സംഘടിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വര്‍ത്തമാനകാലത്തേക്ക് മാത്രമുള്ള പദ്ധതിയാണ് ഇതെന്നും വരുംതലമുറകള്‍ക്കു കൂടി അടിസ്ഥാനമാകുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതുള്ള ചരിത്രപ്രധാനമായ ഒരു കാല്‍വയ്പ്പാണിതെന്നും ചടങ്ങിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ പറഞ്ഞു. കുടിവെള്ളം, കാര്‍ഷികവൃത്തി തുടങ്ങിയ ദൈനംദിന ആവശ്യങ്ങള്‍ക്ക് പദ്ധതി മൂലം ഏറെ പ്രയോജനമുണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു.
പത്തനംതിട്ട സെന്റ് ഗ്രിഗോറിയന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജലസേചനം, ഭരണം വിഭാഗം ചീഫ് എഞ്ചിനീയര്‍ ആര്‍. പ്രിയേഷ്, മിഷന്‍ ഡയറക്ടര്‍ ധര്‍മലശ്രീ, മൈനര്‍ ഇറിഗേഷന്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എസ് കോശി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വത്സല, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.