റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് ഇനി അറബ് ലോകത്തെ സൈബർ സുരക്ഷയുടെ ആസ്ഥാനം. കൗൺസിൽ ഓഫ് അറബ് സൈബർ സെക്യൂരിറ്റിയുടെ ആദ്യ സമ്മേളനത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. വിവിധ അറബ് രാജ്യങ്ങളുടെ സൈബർ സുരക്ഷാവകുപ്പ് മന്ത്രിമാർ തമ്മിൽ ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം കൗൺസിൽ അതിന്റെ അംഗീകൃത ബോഡികളായ ജനറൽ സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവ് ഓഫീസും ഉൾപ്പെടെ സ്ഥിരം ആസ്ഥാനം റിയാദ് ആയിരിക്കും. അടുത്തിടെയാണ് അറബ് രാജ്യങ്ങളുടെ സൈബർ സുരക്ഷ വകുപ്പ് മന്ത്രിമാരെ ഉൾപ്പെടുത്തി ഈ സമിതി രൂപവത്കരിച്ചത്. അതിന്റെ പ്രഥമസമ്മേളനമാണ് റിയാദിൽ ചേർന്നത്.
സൗദി അറേബ്യ സമർപ്പിച്ച നിർദേശത്തെ അടിസ്ഥാനമാക്കിയാണ് ‘അറബ് സൈബർ സുരക്ഷാവകുപ്പ് മന്ത്രിമാരുടെ സമിതി’ രൂപവത്കരിച്ചത്. അറബ് ലീഗിന്റെ പരിധിയിലാണ് ഇത് വരിക. അറബ് ലീഗിന് കീഴിലെ സൈബർ സെക്യൂരിറ്റി മന്ത്രിമാർ കൗൺസിലിന്റെ കുടക്കീഴിലാണ് പ്രവർത്തിക്കുക.
കൗൺസിൽ അംഗീകരിച്ച നയങ്ങളും തന്ത്രങ്ങളും നടപ്പാക്കുന്നതിനായി സൈബർ സുരക്ഷാമേഖലയിലെ സംയുക്ത അറബ് പദ്ധതികൾക്ക് അംഗീകാരം നൽകുന്നതും അധികാര പരിധിയിലുൾപ്പെടും. സുരക്ഷ, സാമ്പത്തിക, വികസന, നിയമനിർമാണ തലങ്ങളിൽ സൈബർ സുരക്ഷയിലെ എല്ലാ വിഷയങ്ങളും സംഭവവികാസങ്ങളും പരിഗണിക്കും. സൈബർ സുരക്ഷയിൽ സംയുക്ത അറബ് പ്രവർത്തനം വികസിപ്പിക്കുന്ന പൊതുനയങ്ങൾ രൂപവത്കരിക്കുന്നതിനും തന്ത്രങ്ങളും മുൻഗണനകളും ക്രമീകരിക്കുന്നതിനും കൗൺസിലിന് ഉത്തരവാദിത്തമുണ്ട്.