ആറന്മുള : പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ എരുമക്കാട് പ്രദേശം ഇന്നും വികസന വഴി തേടുന്നു. കിടങ്ങന്നൂർ – മാലക്കര റോഡ് എരുമക്കാട് വഴി ഉന്നത നിലവാരത്തിൽ ഉയർത്തി പുനഃനിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രദേശത്തെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന നാൽക്കാലിക്കൽ – എരുമക്കാട് റോഡ്, കോട്ടയ്ക്കകം -എരുമക്കാട് റോഡ്, വാഴയിൽ പടി- എരുമക്കാട് റോഡ്, തുരുത്തിമല – എരുമക്കാട് റോഡ് അടക്കം മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമല്ലാതെ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിൽ ആയിട്ട് നാളുകളേറെയായി. ഈ റൂട്ടിൽ ഓടിയിരുന്ന ബസുകൾ കൂടി നിർത്തലാക്കിയതോടെ യാത്രക്കാർ ദുരിതത്തിലാണ്. ഒരു ബസ്‌പോലും ഈ റൂട്ടിൽ നിലവിൽ ഇല്ല.
നിരവധി സ്കൂൾ കുട്ടികൾ ദിവസേന സഞ്ചരിക്കുന്ന നാൽക്കാലിക്കൽ – എരുമക്കാട് റോഡിന്റെ ഇരുവശങ്ങളിലുമായി തിങ്ങി നിറഞ്ഞു നിൽക്കുന്ന കാടുകൾ ആശങ്കയുളവാക്കുന്നു. പലരും ഭയത്തോടെ ആണ് ഇതുവഴി സഞ്ചരിക്കുന്നത്. കല്ലുവരമ്പു ഭാഗത്തു സംരക്ഷണഭിത്തി കെട്ടണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ജല വകുപ്പ് പൈപ്പ് ഇടുന്നതിനായി കുഴിച്ച കുഴികൾ മൂടിയപ്പോൾ ചില
പ്രദേശങ്ങളിൽ റോഡ് നിരപ്പിനേക്കാൾ ഉയർന്ന രീതിയിൽ മൺകൂനകൾ നിൽക്കുന്നതും അപകട ഭീഷണി ഉയർത്തുന്നു. പ്രദേശത്തിന്റെ പലഭാഗത്തും പന്നിയുടെ ശല്യമാണ് ജനങ്ങൾ നേരിടുന്ന മറ്റൊരു പ്രശ്‌നം. മലയോര ഭാഗങ്ങളിൽ പലസ്ഥലങ്ങളിലും ഇതുമൂലം പലർക്കും കൃഷി നാശമുണ്ടായി. അധികാരികൾ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.