പത്തനംതിട്ട : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ചെറുകുളഞ്ഞി മൃഗാശുപത്രി റോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി. പരുത്തിക്കാവ് അമ്പലത്തിൻപടി റോഡിൽ അറയ്ക്കപ്പെരുമേത്ത്, കെച്ചോതറ പടിയ്ക്കും സമീപം റോഡിൽ വെള്ളം കെട്ടിക്കിടന്ന് ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഇതുവഴിയുള്ള യാത്ര വളരെയധികം ദുർഘടമായിരുന്നു.
മൃഗാശുപത്രി, റേഷൻ കട, പോസ്റ്റ് ഓഫീസ്, പള്ളികൾ, ക്ഷേത്രം, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് ധാരാളം ആളുകൾ ഈ വഴിയില്‍ക്കൂടിയാണ് പോകുന്നത്. സന്ധ്യയായാല്‍ ഇഴജന്തുക്കളെയും പേടിക്കേണ്ട അവസ്ഥയിലാണ് ഇതുവഴിയുള്ള നാട്ടുകാരുടെ സഞ്ചാരം. ഒരു മഴ പെയ്താൽ ഇവിടെ വെള്ളക്കെട്ടാണ്. ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്ന നാട്ടുകാര്‍ ഒടുവില്‍ റോഡ് സഞ്ചരയോഗ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ റോഡിലെ ചെളിയും, മണ്ണും നീക്കം ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കി. നാട്ടുകാരായ രാമചന്ദ്രൻ നായർ, സതീഷ്, സജി, രാജേഷ്, ജോജി ജയിംസ്, റോബി എന്നിവര്‍ നേത്യത്വം നല്‍കി.