കോന്നി : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദൂരം ഇന്റർലോക്ക് കട്ടകൾ പാകിയ തണ്ണിത്തോട് ചിറ്റാർ റോഡിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. തണ്ണിത്തോട് കൂത്താടിമൺ മുതലുള്ള 1.6 കിലോമീറ്റർ ദൂരമാണ് ഇന്റർലോക്ക് കട്ടകൾ പാകിയിട്ടള്ളത്. വനത്തിൽ കൂടി കടന്നുപോകുന്ന റോഡിന്റെ ഈ ഭാഗം മഴക്കാലത്ത് ഉറവകൾ രൂപപ്പെട്ട് ടാറിങ് ഇളകി മാറും എന്നതിനാലാണ് ഇത്തരത്തിൽ ലോക്ക് കട്ടകൾ പാകിയത്. എന്നാൽ ഘർഷണം കുറവുള്ള ലോക്ക് കട്ടകളിൽ കൂടി കടന്നുപോകുന്ന വാഹനങ്ങൾ ടയർ തെന്നി മാറി അപകടങ്ങൾ സംഭവിക്കുന്നത് ഇപ്പോൾ തുടർകഥയാവുകയാണ്.
തണ്ണിത്തോട് ചിറ്റാർ റോഡിൽ മാക്രിപാറക്ക് സമീപത്തായാണ് കൂടുതലും അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്. ബസ്സ്, പോലീസ് ജീപ്പ്, വാൻ, പിക്ക് അപ്, ഓട്ടോ റിക്ഷ തുടങ്ങി നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. ആദ്യ സമയങ്ങളിൽ വാഹനങ്ങൾ അപകടത്തിൽ പെടാൻ തുടങ്ങിയതോടെ അധികൃതർ മുളകൊണ്ട് വേലി നിർമ്മിച്ചെങ്കിലും ഫലം കണ്ടില്ല. എന്നാൽ ഇപ്പോൾ അപകടകരമായ ഭാഗങ്ങളിൽ കരാഷ് ബാരിയറുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ലോക്ക് കട്ടകൾ പാകിയിരിക്കുന്നതിൽ പകുതി ഭാഗം മാത്രമാണ് നിരപ്പുള്ളത്. ബാക്കി ഭാഗം കയറ്റമായതിനാൽ വാഹനങ്ങൾ കയറി പോകുന്നത് വളരെ പ്രയാസപ്പെട്ടാണ്.
ഭാരം കയറ്റി വരുന്ന വാഹനങ്ങൾ കയറ്റത്ത് നിർത്തിയാൽ ഘർഷണം കുറവ് മൂലം വാഹനത്തിന്റെ ടയറുകൾ തെന്നി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിക്കുന്നത് ഏറെയും. കൂടാതെ ഈ ഭാഗത്ത് ഭൂഗർഭ കേബിളുകൾ വഴിയാണ് വൈദ്യുതി കടന്നുപോകുന്നത്. അതിനാൽ തെരുവ് വിളക്കുകൾ ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കൂടാതെ ഇന്റര്‍ ലോക്ക് കട്ടകൾ ഇളകിമാറിയിട്ടുമുണ്ട്. മഴക്കാലത്ത് വെള്ളം ഒഴുകി ഇറങ്ങുന്നതിനാൽ ടയറുകൾ തെന്നുന്നതും പതിവാണ്. വർഷങ്ങളായി അപകടങ്ങൾ വർധിച്ചതോടെ ടാറും മണലും ചേർന്ന മിശ്രിതം ലോക്ക് കട്ടകളിൽ സ്പ്രേ ചെയ്ത് ഘർഷണം വർദ്ധിപ്പിക്കാം എന്ന അഭിപ്രായം ഉയർന്നെങ്കിലും നാളിതുവരെ ഇതും നടപ്പായില്ല.