തിരുവനന്തപുരം : തലസ്ഥാനത്ത് കൊറോണ വ്യാപിക്കുന്നതിനാല്‍ അതീവ ജാഗ്രതയിലേക്ക്. ഉറവിടം കണ്ടെത്താത്ത കേസുകള്‍ വര്‍ധിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നു. ആരോഗ്യപ്രവര്‍ത്തകയ്ക്കും ഓട്ടോ ഡ്രൈവര്‍ക്കും പിന്നാലെ മെഡിക്കല്‍ കോളേജ് സുരക്ഷാ ഉദ്യോഗസ്ഥനുകൂടി രോഗം സ്ഥിരീകരിച്ചതോടെ സമൂഹവ്യാപനം ഉണ്ടായോ എന്ന ഭയത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും. നഗരം വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങുമോ എന്നും ജനങ്ങള്‍ ഭയക്കുന്നു.
നഗരത്തിലും ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്താനാണ് ജില്ലാ അധികാരികളുടെ തീരുമാനം. നഗരത്തിലെ കണ്ടെയിന്‍മെന്റ് സോണുകളായ കാലടി, ആറ്റുകാല്‍, മണക്കാട്, ചിറമുക്ക്, ഐരാണിമുട്ടം എന്നീ പ്രദേശങ്ങളിലേക്ക് കടന്നുവരുന്ന എല്ലാ വഴികളും അടച്ചതിനു പുറമേ അമ്പലത്തറ-കിഴക്കേകോട്ട, മരുതൂര്‍കടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടികുളങ്ങര, കുമരിചന്ത-അമ്പലത്തറ എന്നീ റോഡുകളും ഇന്നലെ പോലീസ് പൂര്‍ണമായും അടച്ചു.
മെഡിക്കല്‍ കോളേജിലെ സുരക്ഷാ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെതുടര്‍ന്ന് സ്ഥാപനങ്ങൾ തുറക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മേയർ ശ്രീകുമാർ അറിയിച്ചു. പച്ചക്കറി, പഴക്കടകൾ തിങ്കൾ, ചൊവ്വ, വെള്ളി ശനി തുടങ്ങിയ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിൽ അടച്ചിടും. മീൻ കടകളിൽ പകുതി എണ്ണത്തിന് തുറക്കാം. 50 ശതമാനം പേരെ വിൽപനക്ക് എത്താവൂ. കോൺട്രാക്ട് എടുത്തവർ കച്ചവടക്കാർക്ക് ടോക്കണുകൾ നൽകി വിൽപന നിയന്ത്രിക്കണം. പലചരക്ക് കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം.
കരിക്കകം മേഖലയിലും കടകള്‍ അടപ്പിക്കുകയും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. മാംസവിൽപ്പന രാവിലെ 11 മണി വരെ മാത്രമാണ് അനുവദിക്കുക. കോഴിയിറച്ചി വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസം മാത്രം തുറക്കാം. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മാളുകളും സൂപ്പർമാർക്കറ്റുകളും തുറക്കാം. മാളുകളുടെ അവധി ദിവസങ്ങളായ ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങൾ ഹോം ഡെലിവറിക്ക് വേണ്ടി ഉപയോഗിക്കാം. മാളുകളിൽ എത്തുന്നവർ കർശനമായി കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. വാഹനങ്ങള്‍ക്കും ആളുകള്‍ക്കും കണ്ടെയിന്‍മെന്റ് സോണിലേക്ക് പ്രവേശനം അനുവദിക്കില്ല. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കായി അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ള അതിര്‍ത്തി പരിശോധനാ കേന്ദ്രങ്ങള്‍ വഴി മാത്രമേ യാത്ര അനുവദിക്കൂ.