റാന്നി: നിയോജക മണ്ഡലത്തിലെ അവികസിത മേഖലയിലൂടെ കടന്നു പോകുന്ന റോഡിന്റെ നിർമാണ പ്രവൃത്തികൾ പോലീസ് ഇടപെട്ട് തടയുന്നതായി പരാതി. കോയിപ്രം പോലീസ് ഇൻസ്പെക്ടർക്കെതിരെയാണ് നാട്ടുകാരുടെ പരാതി. ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കുന്ന തടിയൂർ, കുരുടാമണ്ണിൽ, പേരൂച്ചാൽ, പ്ലാങ്കമണ്‍, തേക്കുങ്കൽ, പുത്തേഴം, കാവുംമുക്ക് ഭാഗങ്ങളിലൂടെ കടന്നു പോകുന്ന റോഡാണിത്. അയിരൂർ പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപേകുന്ന റോഡ് സെൻട്രൽ റോഡ് ഫണ്ട് ഉപയോഗിച്ചാണ് നിർമിക്കുന്നത്. കരാറെടുത്തിരിക്കുന്ന പാലാത്ര കണ്‍സ്ട്രക്ഷൻസിന്റെ വാഹനങ്ങൾ തടഞ്ഞു നിര്‍ത്തി പോലീസ് നിരന്തരം പിഴ ചുമത്തി ബുദ്ധിമുട്ടിക്കുകയാണെന്നാണ് പരാതി.
റോഡിന്റെ ഓടകൾ വെട്ടിയെടുക്കുന്ന മണ്ണ് സ്വകാര്യ വ്യക്തിയിൽ നിന്നും പാട്ടത്തിനെടുത്തിരിക്കുന്ന സ്ഥലത്താണ് ഇപ്പോൾ നിക്ഷേപിക്കുന്നത്. റോഡ് ടാറിംഗിന് ശേഷം ഈ മണ്ണു തന്നെ തിരികെയെടുത്ത് റോഡിന്റെ വശങ്ങൾ നികത്താൻ ഉപയോഗിക്കും. ഇങ്ങനെ സംഭരിക്കാൻ കൊണ്ടു പോകുന്ന മണ്ണ് ലോറികൾ എസ്ഐ സ്ഥിരമായി പിടിച്ചെടുക്കുന്നതായാണ് ആക്ഷേപം. പോലീസിന്റെ നടപടികള്‍ തുടര്‍ന്നാല്‍ പണി നിര്‍ത്തിവെക്കേണ്ടി വരുമെന്ന് കരാറുകാരന് പറഞ്ഞു.
ആദ്യ സമയങ്ങളിൽ 200 രൂപ പെറ്റി അടിയ്ക്കുക മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് മണ്ണ് ഇറക്കുന്നതിനിടെ ലോറിയും സൂപ്പർവൈസറെയും സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുപോകുകയും കേസ് എടുക്കുകയും ചെയ്തതായി പറയുന്നു. സംഭവം അറിഞ്ഞയുടൻ രാജു ഏബ്രഹാം എംഎൽഎ ജില്ലാ കളക്ടറെയും പത്തനംതിട്ട ഡിവൈഎസ്പിയേയും വിവരം ധരിപ്പിച്ചെങ്കിലും കേസെടുത്ത് നടപടി നീക്കുകയാണ് ഉണ്ടായത്. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എംഎൽഎ മുഖമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്.