തൃശ്ശൂര്‍ : ടാറിട്ട് അധികകാലം കഴിയും മുമ്പ് റോഡ് തകര്‍ന്നതില്‍ മന്ത്രിയുടെയും സ്ഥലം എം.എല്‍.എ.യുടെയും പേരില്‍ അഴിമതി ആരോപിച്ച് സമൂഹമാധ്യമത്തില്‍ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഡോക്ടറുടെ ‘ജെട്ടി ചലഞ്ച്’. പ്രിന്‍സിപ്പല്‍ വിശദീകരണം തേടിയപ്പോള്‍ മാപ്പപേക്ഷ നല്‍കി തടിയൂരി.
ഓര്‍ത്തോപീഡിക്സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. സി.വി കൃഷ്ണകുമാറാണ് ചാവക്കാട്-ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ‘ചലഞ്ച് ‘ നടത്തിയത്. തിരക്കുള്ള റോഡിന്റെ അരികില്‍ നിന്ന് പ്രതിഷേധപ്രസംഗം നടത്തിയശേഷം പരസ്യമായി അടിവസ്ത്രം അഴിച്ച് അവിടെത്തന്നെ ഉപേക്ഷിക്കുന്നതായിരുന്നു ഡോക്ടറുടെ ‘ചലഞ്ച്’. റോഡ് പൊളിഞ്ഞതിനു പിന്നില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെയും സ്ഥലം എംഎല്‍എ കെവി അബ്ദുള്‍ ഖാദറിന്റെയും അഴിമതി ഉണ്ടെന്നായിരുന്നു ആരോപണം.
സംഭവത്തില്‍ ഡോക്ടറില്‍നിന്ന് വിശദീകരണം തേടിയതായും തനിക്കുണ്ടായ ജാഗ്രതക്കുറവിന് ഡോക്ടര്‍ നിരുപാധികം മാപ്പപേക്ഷിച്ചതായും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എംഎ ആന്‍ഡ്രൂസ് അറിയിച്ചു. വിശദീകരണത്തിന് ഡോക്ടര്‍ നല്‍കിയ മറുപടി മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടറെ അറിയിച്ചു. ഡിഎംഇയുടെ നിര്‍ദേശപ്രകാരമേ ഡോക്ടറുടെ പേരില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.