തൃശൂര്‍: പട്ടാപ്പകല്‍ നടുറോഡില്‍ അടിവസ്ത്രമുരിഞ്ഞ് മന്ത്രിക്കും എംഎല്‍എക്കുമെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. പൊതുസമൂഹത്തിനാകെ അപമാനകരമായ പ്രവൃത്തിചെയ്ത ഡോ. കൃഷ്ണകുമാറിന്റെ ‘ജെട്ടി ചലഞ്ച്’ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ കമ്മിറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് ഡിഎംഇ ഡോ. റംലാബീവിക്ക് നല്‍കിയിരുന്നു.
ഇത് പരിശോധിച്ചശേഷമാണ് ഡോ. കൃഷ്ണകുമാറിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡോ. കൃഷ്ണകുമാര്‍ പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കി. ഈ മാപ്പപേക്ഷയുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജിലെ ആറംഗ അടിയന്തര കമ്മിറ്റി ചേര്‍ന്നാണ് പ്രിന്‍സിപ്പല്‍ എം എ ആന്‍ഡ്രൂസ് റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ഡിഎംഇക്ക് കൈമാറിയത്. ഇത് വിശദമായി പരിശോധിച്ചശേഷമാണ് ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തത്.
ചാവക്കാട് ചേറ്റുവ ദേശീയപാതയില്‍ റോഡില്‍ കുഴികളുണ്ടെന്നു പറഞ്ഞാണ് ഡോക്ടര്‍ നടുറോഡില്‍ വാഹനം നിര്‍ത്തി അടിവസ്ത്രം ഉരിഞ്ഞ് ‘ജട്ടി ചലഞ്ച്’ നടത്തിയത്. മുണ്ടിനടിയില്‍നിന്ന് ജെട്ടി ഊരിയെടുത്ത് നടുറോഡില്‍ വിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സാമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ്ചെയ്തു. മന്ത്രി ജി സുധാകരന്‍, കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ എന്നിവരെ ആക്ഷേപിക്കുന്നതാണ് പോസ്റ്റ്. ഈ റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കേയാണ് ഡോക്ടര്‍ ആക്ഷേപനാടകം കളിച്ചത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആര്‍എംഒ ആയിരുന്നു ഡോ.കൃഷ്ണകുമാര്‍. സ്വകാര്യ പ്രാക്ടീസ് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയും എംഎല്‍എയും ഉള്‍പ്പെടെ നിരവധിപേര്‍ ഉന്നത മെഡിക്കല്‍കോളേജ് അധികാരികള്‍ക്കും പോലീസിനും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍. റോഡില്‍ ആഭാസംകാട്ടിയ ഡോക്ടര്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു.