പയ്യോളി : മഴ കനത്തതോടെ വെള്ളം കെട്ടിനിന്ന് റോഡുകള്‍ തകര്‍ന്നു. കൊളാവിപ്പാലം – കോട്ടയ്ക്കല്‍ – പയ്യോളി തീരദേശ റോഡാണ് തകര്‍ന്ന നിലയിലുള്ളത്. ശക്തമായ മഴയില്‍ പലയിടത്തും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഇരുചക്ര വാഹങ്ങള്‍ അബദധത്തില്‍ കുഴിയില്‍ വീണ് അപകടങ്ങള്‍ നടക്കുന്നത് നിത്യ സംഭവമാണ്.
കുഴികളില്‍ കെട്ടിക്കിടക്കുന്ന ചളിയും മാലിന്യങ്ങളും കലര്‍ന്ന വെള്ളം വാഹനം കടന്നു പോകുമ്പോള്‍ കാല്‍നടയാത്രക്കാരന്റെ ദേഹത്തായിരിക്കും വന്നു പതിക്കുന്നത്. പലയിടത്തും കാല്‍നടയാത്ര പോലും ദുഷ്കരമാണ്. കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള ബസുകളും ജീപ്പുകളും ഓട്ടം താത്കാലികമായി നിര്‍ത്തിവച്ചു.
കുണ്ടിലും കുഴിയിലും പെട്ട് ചെറു വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായി. ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള റോഡാണിത്. ജനസാന്ദ്രത ഏറെയുള്ള തീരദേശമേഖലയിലെ ഈ റോഡുകളുടെ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷകള്‍ പോലും ഈ വഴി വരാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഈ റോഡിന്റെ ശോചന്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി അധികൃതര്‍ സ്വീകരിക്കണം. ഈ ആവശ്യം ഉന്നയിച്ചു സംയുക്ത തീരദേശ വികസന സമിതി വകുപ്പ് മന്ത്രിക്കും എംഎല്‍എയ്ക്കും നിവേദനം നല്‍കി.