കണ്ണൂർ : ഉദ്ഘാടനം നടത്തി ഒരു മാസം പിന്നിടും മുമ്പേ പൊട്ടിപ്പൊളിഞ്ഞ റോഡിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂർ ആറളം പഞ്ചായത്തിലെ വളയങ്കോട് കരിക്കോട്ടക്കരി റോഡാണ് ഗുണനിലവാരം തീരെയില്ലാതെ പണിത് ആകെ കുണ്ടും കുഴിയുമായത്. പലയിടങ്ങിളും ടാർ ഉരുകി ഒലിക്കുകയാണ്. ജില്ലാ പഞ്ചായത്ത് ഒന്നേകാൽ കിലോമീറ്ററിന് ഇരുപത്തിനാല് ലക്ഷം ചെലവഴിച്ച് നിർമ്മിച്ച റോഡിന്റെ ടാർ ഇടലിൽ വൻ അഴിമതി നടന്നെന്ന ആക്ഷേപം ഇതുവരെ അന്വേഷിച്ചിട്ടില്ല . റോഡ് തീരെ മോശമായി പണിതതിൽ കോൺട്രാക്ടർ മാത്രമാണ് ഉത്തരവാദി എന്നാണ് സി പി എം ഭരിക്കുന്ന പഞ്ചായത്തിന്റെ വിശദീകരണം.
ഇലക്ട്രീഷ്യനായ കൊല്ലമ്മാട്ടിൽ സജിൻ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നല്ലമഴയുണ്ട്. വളയങ്കോട് എത്തുന്നതിന് തൊട്ടടുത്ത് കുത്തിറക്കത്തിൽ വണ്ടി കുഴിയിൽ വീണു. കയ്ക്കും കാലിനും ഒക്കെ പരിക്ക്.
ആറളം പഞ്ചായത്തിലെ വളയംകോട് കരിക്കോട്ടക്കരി റോഡ് ഒന്നേ കാൽ കിലോമീറ്റർ ദൂരത്തിൽ ടാർ ചെയ്തത് കഴിഞ്ഞ ഏപ്രിലിലാണ്. ടാറിങ്ങ് പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ റോഡിൽ അഞ്ചിടങ്ങളിൽ കുണ്ടും കുഴിയുമായി.
ഒരു കമ്പ് കൊണ്ട് കുഴിച്ചാൽ ടാറും മണ്ണും ഒക്കെ ഇളകി വരും. അത്രക്ക് മോശമായാണ് നിർമാണം. മുഴക്കുന്ന് സ്വദേശി ബിജുവാണ് 24 ലക്ഷത്തിന് റോഡിന്റെ കോൺട്രാക്ട് എടുത്ത് പണിതത്. ഒരു മാസത്തിനിടെ റോഡ് പൊട്ടി പൊളിഞ്ഞതിനെകുറിച്ച് ചോദിച്ചപ്പോൾ കുഴി അടച്ചോളാം എന്നായിരുന്നു കോൺട്രാക്ടറുടെ മറുപടി. സിപിഎം ഭരിക്കുന്ന ആറളം പഞ്ചായത്തിന്റെ പ്രസിഡന്റ് റോഡ് നിർമ്മാണത്തിലെ വീഴ്ച പരസ്യമായി ഏറ്റുപറയുന്നു. റോഡ് നിർമ്മാണത്തിലെ അപാകതസംബന്ധിച്ച ഒരു ശാസ്ത്രീയ പരിശോധനയും ഇതുവരെ ഉണ്ടായിട്ടില്ല.