റാന്നി : അത്തിക്കയം മന്ദിരം-കടുമീൻചിറ റോഡുപണി വൈകുന്നത് മൂലം ദുരിതം മാറാതെ മന്ദിരം ഭാഗത്തെ ജനങ്ങൾ. നാറാണംമൂഴി പഞ്ചായത്തിലെ നാലാം വാർഡ് കടുമീൻചിറയിലെ പ്രധാന റോഡുകളിലൊന്നായ മന്ദിരം-കടുമീൻചിറ റോഡു പണിയാണ് നീണ്ടു പോകുന്നത്. കാലങ്ങളായി ജില്ലാ പഞ്ചായത്തിൻറെ അധീനതയിലായിരുന്ന റോഡ് നിലവിൽ കേരള പുനർ നിർമ്മാണ വിഭാഗത്തിൻറെ കൈകളിലാണ്.
2018 ലെ പ്രളയത്തിൽ റോഡിൻറെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായിരുന്നു. കൂടാതെ റോഡിൽ വൻതോതിൽ എക്കലും മണ്ണും അടിഞ്ഞു കൂടുകയും ചെയ്തിരുന്നു. തുടർന്നുള്ള രണ്ടു പ്രളയങ്ങളിലും റോഡിലേക്ക് പ്രവേശിക്കുന്ന ഏകദേശം നാൽപ്പത് വർഷം പഴക്കമുള്ള അത്തിക്കയം കൊച്ചുപാലത്തിനു സാരമായ കേടുപാടുകളും സംഭവിച്ചിരുന്നു. തുടർന്ന് മുൻ എം എൽ എ രാജു ഏബ്രഹാമിൻറെ നിർദ്ദേശ പ്രകാരമാണ് ഈ റോഡ് കേരള പുനർ നിർമ്മാണ വിഭാഗം ഏറ്റെടുക്കുന്നത്.
1.8 കിലോമീറ്റർ ദൂരം നിർമാണത്തിൻറെ ടെൻഡർ പൂർത്തിയായെങ്കിലും നിർമ്മാണം വൈകുന്നത് ജനങ്ങൾക്ക് ബുദ്ദിമുട്ട് നേരിടുകയാണ്. റോഡിൻറെ ശോചനീയാവസ്ഥ കാരണം ഓട്ടോ ഉൾപ്പടെയുള്ള വാഹനങ്ങൾ ഇതുവഴി സവാരിക്ക് പോകാൻ പോലും മടി കാണിക്കുന്നുണ്ട്. രണ്ടു സ്‌കൂളുകളിലേക്കും ക്ഷേത്രങ്ങളിലേക്കും നൂറിൽപരം വീടുകളിലേക്കുമുള്ള പാതയാണ് ഇത്തരത്തിൽ കാലങ്ങളായി തകർന്നു കിടക്കുന്നത്.