കോന്നി: ചെങ്ങറ ചെമ്മാനി കൊന്നപ്പാറ റോഡ് കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ അനുബന്ധ റോഡായി വികസിപ്പിക്കണം എന്ന ആവശ്യം ശക്തമാകുന്നു. അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ റേഷൻകടപടിയിൽ നിന്നും തുടങ്ങി ചെമ്മാനി തോട്ടം വഴി കോന്നി തണ്ണിത്തോട് റോഡിലെ കൊന്നപ്പാറ ചെങ്ങറ മുക്കിൽ എത്തിച്ചേരുന്ന റോഡാണിത്. അറുപത് വർഷങ്ങൾക്ക് മുൻപ് വഞ്ചിനാട് എസ്റ്റേറ്റ് ഗ്രുപ്പ് അവരുടെ സ്വകാര്യ ആവശ്യത്തിനായി നിർമിച്ച റോഡ് അന്നുമുതൽ പ്രദേശത്തെ ജനങ്ങൾ പതിവായി ഉപയോഗിച്ചിരുന്നു.
ചെങ്ങറ, ചെമ്മാനി, മിച്ചഭൂമി, നാടുകാണി, കൊന്നപ്പാറ, പയ്യനാമൺ, അതുമ്പുംകുളം, ആടുകാട്, കുമ്പഴത്തോട്ടം, ആവോലിക്കുഴി, കടവുപുഴ തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ പതിവായി ഈ റോഡ് ഉപയോഗിച്ചിരുന്നു. റാന്നി വടശേരിക്കര ഭാഗത്തു നിന്നും വരുന്ന ആളുകൾക്ക് വേഗത്തിൽ കോന്നി ടൗണിലും മെഡിക്കൽ കോളേജിലും എത്താൻ കഴിയുന്ന റോഡാണിത്.
തണ്ണിത്തോട് കോന്നി താഴം മേഖലയിലുള്ളവർക്ക് റാന്നി വടശേരിക്കര ഭാഗങ്ങളിലേക്കും ഈ റോഡിലൂടെ സഞ്ചരിച്ചാൽ വേഗത്തിൽ എത്തിച്ചേരാൻ കഴിയും. പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിച്ചിരുന്നു. കൊന്നപ്പാറ ചെങ്ങറമുക്ക് മുതൽ പള്ളിമുരുപ്പ് വരെയുള്ള ഭാഗങ്ങൾ അടുത്തിടെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ചെങ്കിലും റോഡിലെ ചെമ്മാനി മുതൽ ചെങ്ങറ റേഷൻകട പടി വരെയുള്ള ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ അനുബന്ധ റോഡായി ഈ റോഡിനെ വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.