പാലക്കാട് : സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കോൺട്രാക്ട് കാരേജ്, സ്റ്റേജ് കാരേജ്, ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കിലെ പുനഃക്രമീകരണം ചൊവ്വാഴ്ച നിലവിൽ വരും. സംസ്ഥാന ബജറ്റിലാണ് കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമം 1976ലെ ഷെഡ്യൂൾ, അനക്സർ എന്നിവയുടെ ഭേദഗതിയിലൂടെ നികുതി നിരക്കിൽ മാറ്റം വരുത്തിയത്. കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്ക് ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകൾ എന്ന തരംതിരിവ് ഇല്ലാതെ ത്രൈമാസ നികുതി ഏകീകരിച്ചു. ഏഴുമുതൽ 12 വരെ യാത്രക്കാർ യാത്ര ചെയ്യുന്ന കോൺട്രാക്ട് കാരേജുകളുടെ ത്രൈമാസ നികുതി 350 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.
നേരത്തേ ഇത് ഓർഡിനറിക്ക് 250, പുഷ്ബാക്ക് സീറ്റ് 450, സ്ലീപ്പർ സീറ്റ് 900 രൂപ എന്നിങ്ങനെയായിരുന്നു. 13 മുതൽ 20 പേർ വരെ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് സീറ്റൊന്നിന് 600 രൂപയാക്കി. നിലവിലുള്ള ത്രൈമാസ നിരക്ക് യഥാക്രമം 450, 650, 1350 രൂപ എന്നിങ്ങനെയാണ്.സീറ്റുകളുടെ എണ്ണം 20ന് മുകളിലാണെങ്കിൽ നിലവിലുള്ള ത്രൈമാസ നിരക്ക് യഥാക്രമം 650, 900, 1800 എന്നിങ്ങനെയാണ്. ഇവ ഏകീകരിച്ച് സീറ്റൊന്നിന് 900 രൂപയാക്കി. ഹെവി പാസഞ്ചർ മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ പെടുന്നതും സ്ലീപ്പർ ബർത്തുകൾ ഘടിപ്പിച്ചതുമായ കോൺട്രാക്ട് കാരേജുകളുടെ ത്രൈമാസ നികുതി സീറ്റൊന്നിന് 1500 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തേ ഇത് 1800 രൂപയായിരുന്നു. ഇത്തരം വാഹനങ്ങളിൽ ബെർത്തുകൾക്കൊപ്പം സീറ്റുകളും ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ഓരോ ബെർത്തിനും 1500 രൂപ നിരക്കിലും സീറ്റുകൾക്ക് 900 രൂപ നിരക്കിലും നികുതി ഈടാക്കണം.