ചെങ്ങന്നൂർ : ശബരിമല തീർഥാടനകാലം തുടങ്ങും മുൻപായി തുറക്കുമെന്നുപറഞ്ഞ വഴിയോര വിശ്രമകേന്ദ്രവും മാലിന്യസംസ്കരണ പ്ലാന്റും നോക്കുകുത്തിയായി. മണ്ഡലകാലം കഴിഞ്ഞിട്ടും ഇവ രണ്ടും തുറക്കാൻ നഗരസഭയ്ക്കു കഴിഞ്ഞില്ല. മകരവിളക്കുകാലത്തും തുറക്കാനിടയില്ല. രണ്ടിനും കൂടി 90 ലക്ഷം രൂപയാണു ചെലവഴിച്ചത്. എന്നാൽ, ആർക്കും പ്രയോജനപ്പെടാതെ കെട്ടിടങ്ങൾ പണിതിട്ടിരിക്കുകയാണ്.
സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമാണ് ജൈവ-അജൈവ മാലിന്യം സംസ്കരിക്കാനാകുന്ന പ്ലാന്റും ശൗചാലയമടങ്ങിയ വഴിയോര വിശ്രമകേന്ദ്രവും നിർമിച്ചത്. ഐ.ആർ.ടി.സി.യുടെ സാങ്കേതിക സഹകരണത്തോടെയാണ് മാലിന്യസംസ്കരണ പ്ലാന്റ് നിർമിച്ചത്. പ്രതിദിനം 500 കിലോ മാലിന്യം സംസ്കരിക്കാൻ ശേഷിയുണ്ട്.
ശുചിത്വമിഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പ്ലാന്റ് പരിശോധിച്ചിരുന്നു. 50 ലക്ഷം രൂപയോളം പ്ലാന്റ് നിർമാണത്തിനു ചെലവായി. 18 എയ്റോ കംപോസ്റ്റ് ബിന്നുകളുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. 1,800 ചതുരശ്രയടി വിസ്തീർണമാണുള്ളത്. ഇതിൽ 900 ചതുരശ്രയടിയിൽ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. മാലിന്യം തരംതിരിക്കുന്നതിന് 250 ചതുരശ്രയടിയിൽ മുറിയുണ്ട്. വഴിയോര വിശ്രമകേന്ദ്രം പ്രധാനമായും ശബരിമല തീർഥാടകരെ ഉദ്ദേശിച്ചാണു പണിതത്. പതിനായിരക്കണക്കിനു തീർഥാടകരെത്തുന്ന ചെങ്ങന്നൂരിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് ഇപ്പോഴുള്ള സൗകര്യങ്ങൾ പര്യാപ്തമല്ല. എന്നാൽ നഗരസഭ വിശ്രമകേന്ദ്രം തുറക്കാതെ മുട്ടാപ്പോക്ക് ന്യായം പറയുകയാണെന്നാണ് ഭക്തജന സംഘടനകൾ പറയുന്നത്.