ചെങ്ങന്നൂർ : ക്രിസ്ത്യൻ കോളേജ് ജങ്ഷനു സമീപം ആൾപ്പാർപ്പില്ലാത്ത രണ്ടു വീടുകളിൽ കവർച്ചശ്രമം. ആഞ്ഞിലിച്ചുവട്ടിൽ മേരിക്കുട്ടി കോശി, കാർത്തിക റോഡിൽ മണ്ണിൽ ജയിനമ്മ വർഗീസ് എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. മുളക്കുഴയിലെ ഫാമിൽനിന്ന് ചൊവ്വാഴ്ച വൈകിട്ട് മേരിക്കുട്ടി കോശി വീട്ടിലെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. മുൻവശത്തെ ഇരുമ്പുഗ്രിൽ പൊളിച്ച് മുൻവാതിൽ കത്തിച്ചശേഷമാണ് മുറിക്കുള്ളിൽ കയറിയത്. അലമാരയും മേശവലിപ്പുകളും കുത്തിപ്പൊളിച്ചു. ബാഗിലുണ്ടായിരുന്ന 1.75 ലക്ഷം രൂപയുടെ വിദേശ കറൻസി മോഷണം പോയതായി പോലീസ് പറഞ്ഞു. ലാപ്ടോപ്പ് ഉൾപ്പെടെ ഇലക്‌ട്രോണിക്സ് സാധനങ്ങളുണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. സിസിടിവി ഉണ്ടായിരുന്നെങ്കിലും പ്രവർത്തിക്കുന്നില്ലായിരുന്നു.
മോഷണം എന്നാണു നടന്നതെന്നു തെളിഞ്ഞിട്ടില്ല. തൊട്ടടുത്തുതന്നെ കാർത്തിക റോഡിൽ സമീപത്തുള്ള മണ്ണിൽ ജയിനമ്മ വർഗീസിന്റെ വീടും പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവർ വിദേശത്താണ്. ഞായറാഴ്ച വീടു നോക്കാൻ ബന്ധുവെത്തിയപ്പോഴാണ് മോഷണശ്രമം നടന്നതായി അറിയുന്നത്. മുൻവശത്തെ ഡോർ കുത്തിപ്പൊളിച്ചാണ് അകത്തു കടന്നത്. ശേഷം അലമാരയും കുത്തിപ്പൊളിച്ചു. എന്നാൽ വിലപിടിപ്പുള്ള സാധനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഈ വീട്ടിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും പ്രവർത്തിച്ചില്ല. രണ്ടു വീടുകളിലെയും കവർച്ചശ്രമത്തിനു പിന്നിൽ ഒരേ സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. ചെങ്ങന്നൂർ പോലീസ് അന്വേഷണം തുടങ്ങി.