മലപ്പുറം: മഞ്ചേരി കാട്ടുങ്ങലിൽ ആഭരണ നിര്‍മാണശാലയില്‍ നിന്ന് ജ്വല്ലറികളിലേക്ക് കൊണ്ടുപോവുകയായിരുന്ന 117 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരാൾകൂടി കസ്റ്റഡിയിൽ. കേസിൽ സ്വർണം കൊണ്ടുപോവുകയായിരുന്ന ആഭരണ നിർമാണശാലയിലെ ജീവനക്കാരനെയും സഹോദരനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരൂർക്കാട് കടവത്തുപറമ്പ് ശിവേഷ് (34), ഇയാളുടെ സഹോദരൻ ബെൻസു (39) എന്നിവരെയാണ് മഞ്ചേരി പോലീസ് ഇന്ന് രാവിലെ അറസ്റ്റ്ചെയ്തത്. ശിവേഷിന്റെ പദ്ധതിപ്രകാരം ബെന്‍സും മറ്റൊരു സുഹൃത്തുമാണ് ബൈക്കിലെത്തി സ്വര്‍ണം കവര്‍ന്നത്. ഈ സുഹൃത്താണ് ഇപ്പോൾ അറസ്റ്റിലായത് എന്നാണ് സൂചന. പ്രതികളുടെ വീട്ടില്‍നിന്ന് നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെടുത്തു.
“നിഖില ബാങ്കിൾസ്’ സ്വർണാഭരണ നിർമാണ സ്ഥാപനത്തിലെ ജീവനക്കാരായ ശിവേഷും സുകുമാരന്‍ എന്നയാളും ശനിയാഴ്ച വൈകിട്ട് 6.30ന് സ്വര്‍ണവുമായി സ്കൂട്ടറില്‍ പോകുമ്പോഴാണ് കവര്‍ച്ച നടത്തിയത്. സംഭവത്തിന് ദൃക്സാക്ഷിയായ ഇരുമ്പുഴി സ്വദേശി എം കെ മുഹമ്മദ് മുന്‍ഷിര്‍ സ്വന്തം വാഹനത്തില്‍ പിന്തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ട ബൈക്കിന്റെ ഫോട്ടോ എടുത്തത് കേസന്വേഷത്തില്‍ നിർണായക തെളിവായി. വണ്ടി നമ്പര്‍ മനസ്സിലാക്കിയ മഞ്ചേരി പോലീസ് മലപ്പുറം, പെരിന്തല്‍മണ്ണ പോലീസിന്റെ സഹകരണത്തോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്.