പത്തനംതിട്ട : മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് ജാമ്യം നേടി പുറത്തിറങ്ങി. പത്തനംതിട്ട – കോയമ്പത്തൂർ അന്തർസംസ്ഥാന റൂട്ടിൽ ഓടാൻ ശ്രമിച്ചതിനാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയ റോബിൻ ബസിന് റാന്നി കോടതി ജാമ്യം നൽകിയതോടെയാണ് മൂന്നാഴ്ചത്തെ കസ്റ്റഡിക്ക് ശേഷം പുറത്തിറങ്ങാൻ കഴിഞ്ഞത്. മോട്ടോർ വാഹന നിയമം ലംഘിച്ച് അന്തർസംസ്ഥാന സർവീസ് നടത്തി എന്നതായിരുന്നു ബസിനെതിരെ നടപടി എടുക്കാൻ കാരണമായത്. എന്നാൽ ഇതെല്ലം പാടെ നിഷേധിക്കുകയാണ് ഉടമ ഗിരീഷ്. അതിനാൽ 2023ലെ കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ചു വീണ്ടും സർവീസ് നടത്തുമെന്നും അദ്ദേഹം പറയുന്നു. 1989ലെ നിയമം അനുസരിച്ചാണ് ബസ് പിടിച്ചെടുത്തത്. എന്നാൽ അടുത്തിടെ കേന്ദ്രം പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ബോർഡ് വെച്ചും സ്റ്റാൻഡുകളിൽനിന്ന് ആളെ കയറ്റിയും സർവീസ് നടത്താമെന്നും ഉടമ പറയുന്നു. ഈ നിയമം മനസിലാക്കാതെയാണ് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ നടപടികൾ എടുക്കുന്നത്.
ഇതിനെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യും. സുപ്രീംകോടതി ഉത്തരവിന് വില നൽകാതെയായണ് ഇവർ വാഹനം പിടിച്ചെടുത്തത്. ബസ് കസ്റ്റഡിയിലെടുത്ത ശേഷം 10,500 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടു. ലംഘിക്കാത്ത കുറ്റങ്ങളുടെ പേരിലാണ് ഇത്. അതിനാൽ പിഴ ഒടുക്കാൻ തയ്യാറല്ലെന്നും ഉടമ പറഞ്ഞു. കെഎൽ 65 ആർ 5999 എന്ന ടൂറിസ്റ്റ് ബസ് ഒക്ടോബർ 16ന് രാവിലെ 5:20 ന് റാന്നിയിൽ വെച്ചാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. സാധുതയുള്ള ടൂറിസ്റ്റ് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സ്റ്റേജ് കാര്യേജ് സർവീസ് നടത്തുകയായിരുന്നു ബസ്. കെഎസ്ആർടിസി ബസുകൾക്ക് സമാന്തരമായി സർക്കാർ നോട്ടിഫൈഡ് റൂട്ടിലൂടെ സ്റ്റേജ് കാര്യേജ് ബസ് സർവീസ് ആരംഭിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത് സംബന്ധിച്ച് കെഎസ്ആർടിസി അധിക്യതരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനകൾക്ക് ശേഷം കേസ് തയ്യാറാക്കി വാഹനം പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്നതായും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. യാത്രക്കാരുടെയും ബസ് ജോലിക്കാരുടെയും ബസുടമയുടെയും മൊഴി എടുത്തുകൊണ്ടാണ് ഉദ്യോഗസ്ഥർ കേസെടുത്തതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. മണ്ഡലകാലത്ത് പമ്പയിലേക്ക് ഉൾപ്പെടെ സർവീസ് നടത്തുന്നതിനായി സ്വകാര്യ ബസുടമകൾ തയ്യാറാകുമ്പോഴാണ് റാന്നിയിൽ വീണ്ടും ബസ് തടഞ്ഞത്.