കരുനാഗപ്പള്ളി: സംസ്ഥാനത്തൊട്ടാകെ മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന സംഘത്തെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മുക്കുപണ്ടം പണയംവെച്ച് വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര വെട്ടിക്കോട് ഉഷാഭവനില്‍ നിഷാദ് (33), ഇടുക്കി വാത്തിക്കുടി പെരുന്തോട്ടില്‍ കപ്യാര്‍കുന്നേല്‍ സുനീഷ് (28), ഇടുക്കി മണിയാര്‍കുടി പടിഞ്ഞാറെക്കര വീട്ടില്‍ അപ്പു എന്ന ബൈജേഷ് (22), ഇടുക്കി കട്ടപ്പന കൊച്ചുതോവാളം കാട്ടുകുടിയില്‍ സുബാഷ് (50), കോഴിക്കോട് പെരുവണ്ണ ഇല്ലത്തു താഴത്ത് മുതുവനാസ് വീട്ടില്‍ വിനോദ് (46) എന്നിവരാണ് പിടിയിലായത്.
നിഷാദ് കരുനാഗപ്പള്ളി കുലശേഖരപുരത്ത് വാടകക്ക് താമസിച്ചുവരികയായിരുന്നു. സ്ത്രീകള്‍ ജോലിക്കാരായുള്ള പണമിടപാട് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഇതിനായി വ്യാജ ആധാര്‍ കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. കരുനാഗപ്പള്ളി വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് രണ്ട് തവണകളിലായി 94.5 ഗ്രാം മുക്കുപണ്ടം പണയംവെച്ച് 3.71 ലക്ഷം രൂപ തട്ടുകയായിരുന്നു.