ആൻഡ്രോയിഡ് ഫോണുകളിലും വെയർഒഎസ് സ്മാർട്ട് വാച്ചുകളിലും ഗൂഗിൾ ടിവികളിലും അടക്കം കൂടുതൽ ഓപ്ഷനുകൾ നൽകുന്ന 10 അപ്ഡേറ്റുകളാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ജി-ബോർഡിൽ പുതിയ സ്റ്റിക്കറുകൾ : പുതിയ അപ്ഡേറ്റിൽ ഗൂഗിൾ വിർച്വൽ കീബോർഡായ ജി-ബോർഡിനായി പുതിയ ഇമോജി കിച്ചൻ സ്റ്റിക്കർ കോമ്പനിനേഷനുകൾ ചേർത്തിരിക്കുന്നു. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഇമോജികൾ റീമിക്സ് ചെയ്യാനും അവ സുഹൃത്തുക്കളുമായും
കുടുംബാംഗങ്ങളുമായും പങ്കിടാനും കഴിയും. ഇത് ചാറ്റിങ്ങും മറ്റും കൂടുതൽ ആകർഷകമാക്കും.
ഗൂഗിൾ മെസേജുകളിൽ മൂവിങ് ഇമോജികൾ : ഗൂഗിൾ മെസേജ് ഉപയോക്താക്കൾക്ക് ഇപ്പോൾ ബാക്ഗ്രൗണ്ടുകളും ചലിക്കുന്ന ഇമോജി തീമുകളും വോയ്‌സ് മെസേജുകളിലേക്ക് ചേർക്കാനാകും. വിഷ്വൽ തീമുകളിലൂടെ വികാരങ്ങൾ ഫലപ്രദമായി പ്രകടിപ്പിക്കാനും വോയ്‌സ് മൂഡ്‌സ് ഉപയോഗിച്ച് വോയ്‌സ് സന്ദേശങ്ങളുടെ ആഴം വർദ്ധിപ്പിക്കാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.
കോളുകൾക്കും മീഡിയയ്ക്കും ലൈവ് ക്യാപ്ഷൻ : ഫോൺ കോളുകൾക്കും മീഡിയയ്ക്കുമായുള്ള ലൈവ് ക്യാപ്ഷൻ ഫീച്ചർ ഇപ്പോൾ കൂടുതൽ ഭാഷകളെ പിന്തുണയ്ക്കും. ആശയവിനിമയം മെച്ചപ്പെടുത്താൻ ഇത് ഉപയോക്താക്കളെ ഏറെ സഹായിക്കും.
ഗൂഗിൾ മെസേജുകളിലെ റിയാക്ഷൻ ഇഫക്ടുകൾ : സ്ഥിരം കാണുന്ന തംബ്‌സ് അപ്പിന് അപ്പുറം, പുതിയ ഫുൾസ്ക്രീൻ ആനിമേഷനും മറ്റും ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചറും പുതിയ അപ്ഡേറ്റിലുൾപ്പെടുന്നു.
പുതിയ സ്മാർട്ട് ഹോം കൺട്രോളുകൾ: സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ച് സ്മാർട്ട്ഹോം ഡിവൈസുകൾ നിയന്തിക്കാനുള്ള കഴിവ് പുതിയ വെയർ ഒഎസ് അപ്ഡേറ്റിൽ ലഭ്യമാക്കിയിരിക്കുന്നു. വിവിധ ഘട്ടങ്ങളിൽ ലൈറ്റുകൾ അനായാസം നിയന്ത്രിക്കാനും സ്മാർട്ട് ഉപകരണങ്ങൾ ഓണാക്കാനും ഡോക്ക് ചെയ്യാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.
എവേ’ സ്റ്റാറ്റസ് സെറ്റ് ചെയ്യാം : ഉപയോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട് വാച്ചുകളിൽ ഇനി ഹോം അല്ലെങ്കിൽ എവേ സ്റ്റാറ്റസുകൾ സെറ്റ് ചെയ്യാം. ഇതുവഴി ക്യാമറകൾ, ലോക്കുകൾ, ലൈറ്റുകൾ എന്നിവ വിദൂരമായി നിയന്ത്രിച്ച് സുരക്ഷ ഉറപ്പാക്കാനും സ്‌മാർട്ട് ഹോം ഉപകരണങ്ങൾ അനായാസം ട്രാക്ക് ചെയ്യാനും സാധിക്കും.
ലോഗിൻ ചെയ്യാൻ സുരക്ഷാ കീ : പാസ്വേഡിന് പകരം സുരക്ഷാ കീ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വിവിധ ലോഗിനുകൾ നടത്താം. പാസ്‌വേഡ് രഹിത ലോഗിനുകൾക്കായി ഇപ്പോൾ FIDO2 സുരക്ഷാ കീകളിൽ കസ്റ്റം പിൻ സജ്ജീകരിക്കാനുള്ള ഓപ്ഷനും പുതിയ അപ്ഡേറ്റിലുണ്ട്. ഉതുപയോഗിച്ച് ആളുകൾക്ക് തങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാം.
ഒറ്റ നോട്ടത്തിൽ വിവരങ്ങൾ: സ്മാർട്ട് വാച്ചിലേക്കുള്ള ഒറ്റ നോട്ടത്തിൽതന്നെ അവശ്യം വേണ്ട വിവരങ്ങൾ ഇനി അറിയാം. കാലാവസ്ഥാ അലേർട്ടുകളും ഇവന്റ് റിമൈൻഡറുകളും പോലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ആക്‌സസ് ചെയ്യാനും അപ്‌ഡേറ്റുകൾക്കായി അസിസ്റ്റന്റ് അറ്റ് എ ഗ്ലാൻസ് ഉപയോഗിക്കാനും പുതിയ അപ്ഡേഷൻ സഹായിക്കും.
എഐ ഇമേജ് ഡിസ്ക്രിപ്ഷൻ: ടോക്ക്ബാക്കിൽ ഇപ്പോൾ പുതിയ എഐ കഴിവുകൾ കൂട്ടിച്ചേർത്തിരിക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള വിവരണങ്ങൾ ഉറക്കെ വായിക്കാനും, അന്ധരും കാഴ്ച കുറഞ്ഞവരുമായ ഉപയോക്താക്കൾക്ക് ഫോട്ടോകളെപ്പറ്റിയും ആപ്പ് ഇമേജുകളെപ്പറ്റിയും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനും പുതിയ അപ്ഡേറ്റിൽ എഐ ഫീച്ചറുകൾ കൂട്ടിച്ചേർത്തിരിക്കുന്നു.