ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന മോട്ടോവേഴ്‌സ് 2023 -ൽ റോയൽ എൻഫീൽഡ് തങ്ങളുടെ ഏറ്റവും പുതിയ ഓഫറായ ഷോട്ട്ഗൺ 650 -യെ അവതരിപ്പിച്ചു. പ്രാരംഭ ഘട്ടത്തിൽ ഈ ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളിന്റെ 25 യൂണിറ്റുകൾ മാത്രമേ നിർമ്മാതാക്കൾ ലഭ്യമാക്കിയിട്ടുള്ളൂ. ഇവ ഹാൻഡ് പെയിന്റഡ് സ്പെഷ്യൽ മോഡലുകളാണ്. മോട്ടോവേഴ്‌സ് ഇവന്റിൽ പങ്കെടുക്കുന്ന 25 ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ ഇവ വിൽക്കാനാണ് കമ്പനിയുടെ പദ്ധതി. ഷോട്ട്ഗൺ 650 -യുടെ വിശദമായ സവിശേഷതകളും ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും റോയൽ എൻഫീൽഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഷോട്ട്ഗൺ ഒരു ലോംഗ് പ്രൊഫൈലും ലോ സ്ലംഗ് സ്റ്റാൻസുമുള്ള ഒരു മികച്ച ബോബർ സ്റ്റൈലിംഗ് ബൈക്കാണ്. മുകളിൽ ഓഫ്‌സെറ്റ് കൺസോൾ, ബാർ എൻഡ് മിററുകൾ, സിംഗിൾ സീറ്റ്, ചങ്കി & ചോപ്പ്ഡ് റിയർ ഫെൻഡർ എന്നിവ ഇതിലുണ്ട്. പെയിന്റ് സ്കീം പോലും ബ്ലൂ, ബ്ലാക്ക് ഷേഡുകൾ സംയോജിപ്പിച്ച് വളരെ ആകർഷകമാണ്. ഫീച്ചറുകളുടെ പട്ടികയിൽ ഒരു ഫുൾ എൽഇഡി ലൈറ്റിംഗ് സിസ്റ്റവും ട്രിപ്പർ നാവിഗേഷൻ മൊഡ്യൂളോട് കൂടിയ സെമി ഡിജിറ്റൽ കൺസോളും ഇതിലുണ്ട്. അലോയി വീലുകളും ചങ്കി ടയറുകളും ആണ് നൽകിയിരിക്കുന്നത്. അപ്പ്സൈഡ്‌ഡൗൺ ശൈലിയിൽ നിൽക്കുന്ന ഫ്രണ്ട് ഫോർക്കുകളോടെയാണ് ഷോട്ട്ഗൺ 650 എത്തുന്നു. എഞ്ചിനെ സംബന്ധിച്ചിടത്തോളം റോയൽ എൻഫീൽഡിന്റെ ലൈനപ്പിലെ മറ്റ് 650 സിസി യൂണിറ്റുകളിലെ അതേ 649 സിസി, എയർ/ ഓയിൽ കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഇതിനും കരുത്ത്.
ഷോട്ട്ഗൺ 650 -ക്ക് ഇന്ത്യൻ വിപണിയിൽ ഈ ക്ലാസിൽ ബോബർ ശൈലിയിലുള്ള മോഡലുകളൊന്നും ഇല്ലാത്തതിനാൽ നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ല. മോട്ടോർസൈക്കിളിന്റെ വിലനിർണ്ണയത്തെ സംബന്ധിച്ച് ഒന്നും തന്നെ നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഈ ബോബറിന് ഏകദേശം 3.54 രൂപയായിരിക്കും എക്സ്ഷോറൂം വില. ഇത് സൂപ്പർ മീറ്റിയോർ 650 -യേക്കാൾ 10,000 മുതൽ 20,000 രൂപ വരെ വില കുറവിൽ എത്തും എന്ന് പ്രതീക്ഷിക്കാം. വാഹനത്തിന്റെ ലഭ്യതയെയും ഡെലിവറിയെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ആഴ്ചകളിൽ റോയൽ എൻഫീൽഡ് പുറത്തുവിടുമെന്ന് കരുതാം.