ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണി വളരെ സജീവമായ കാലമാണിത്. ഹാർലി ഡേവിഡ്സൺ, ട്രയംഫ് എന്നീ വമ്പന്മാർ വില കുറഞ്ഞ ബൈക്കുകളുമായി ഇന്ത്യയിലെത്തിയതോടെ റോയൽ എൻഫീൽഡ് (Royal Enfield) അടക്കമുള്ള ബ്രാന്റുകൾ വമ്പന്മാരുടെ കുഞ്ഞൻ ബൈക്കുകളെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. മോഡേൺ ക്ലാസിക്ക് റോഡ്സ്റ്റർ എന്ന് വിളിക്കാവുന്ന നിയോ റെട്രോ ബൈക്കുകളുടെ വലിയ നിര തന്നെ ഇന്ന് രാജ്യത്തെ ബൈക്ക് വിപണിയിലുണ്ട്. 3 ലക്ഷത്തിൽ താഴെ മാത്രം വിലയിൽ സ്വന്തമാക്കാവുന്ന മികച്ച നിയോ റെട്രോ ബൈക്കുകൾ (Best Neo-Retro Bikes) നോക്കാം.
റോയൽ എൻഫീൽഡ് ഹണ്ടർ 350യുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 1.49 ലക്ഷം രൂപ മുതലാണ്. റെട്രോ ഫാക്ടറി, മെട്രോ ഡാപ്പർ, മെട്രോ റെബൽ എന്നീ മൂന്ന് വേരിയന്റുകളിലാണ് ബൈക്ക് ലഭ്യമാകുന്നത്. 349.3 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹണ്ടർ 350യിൽ ഉള്ളത്. 20.2 ബിഎച്ച്പി പവറും 27 എൻഎം ടോർക്കും നൽകുന്ന എഞ്ചിനാണിത്. 5 സ്പീഡ് ഗിയർബോക്സും ഈ വാഹനത്തിലുണ്ട്. സിംഗിൾ സ്ട്രെച്ചഡ് സീറ്റ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യൂവൽ ടാങ്ക്, റൗണ്ട് ഹെഡ്‌ലൈറ്റുകൾ എന്നിവയും റോയൽ എൻഫീൽഡ് ഹണ്ടർ 350യുടെ പ്രത്യേകതകളാണ്.
യെസ്ഡി റോഡ്സ്റ്ററിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 2.03 ലക്ഷം രൂപ മുതലാണ്. 29.23 ബിഎച്ച്പി പവറും 28.95എൻഎം ടോർക്കും നൽകുന്ന 334 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ ബൈക്കിലുള്ളത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്ന ബൈക്ക് മികച്ച റൈഡിങ് കംഫർട്ടും നൽകുന്നുണ്ട്. ഫുൾ-എൽഇഡി ലൈറ്റുകൾ, എൽസിഡി സ്‌ക്രീനോടുകൂടിയ സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ചെറിയ ഫ്യൂവൽ ടാങ്ക് എന്നിവയാണ് ഈ ബൈക്കിന്റെ മറ്റ് സവിശേഷതകൾ.
ഹീറോയുമായി സഹകരിച്ചാണ് ഹാർലി ഡേവിഡ്സൺ എക്സ്440 പുറത്തിറക്കിയിരിക്കുന്നത്. 2.29 ലക്ഷം രൂപ മുതലാണ് ബൈക്കിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. 27 ബിഎച്ച്‌പി പവറും 38 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 440 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ ബൈക്കിലുള്ളത്. 6 സ്പീഡ് ഗിയർബോക്സുമായി വരുന്ന ബൈക്കിൽ സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്ലാറ്റ് ഹാൻഡിൽബാർ, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, റെട്രോ സ്റ്റൈൽ ഇൻഡിക്കേറ്ററുകൾ എന്നിവയടക്കമുള്ള സവിശേഷതകളുണ്ട്. ഹോണ്ട സിബി300ആർ മോട്ടോർസൈക്കിളിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 2.77 ലക്ഷം രൂപ മുതലാണ്. ഹോണ്ടയുടെ പ്രീമിയം ലോവർ ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോർസൈക്കിളുകളിൽ ഒന്നാണിത്. 30.7 ബിഎച്ച്പി പവറും 27.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 286 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്ത് നൽകുന്നത്. 6 സ്പീഡ് ട്രാൻസ്മിഷനുമായി വരുന്ന ബൈക്കിൽ ആധുനിക-റെട്രോ കഫേ-റേസർ ഡിസൈനും എൽഇഡി ലൈറ്റിങ്ങുമുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുമായി വരുന്ന ബൈക്കാണിത്.
ബജാജുമായി സഹകരിച്ച് ട്രയംഫ് സ്പീഡ് 400, സ്ക്രാമ്പ്ളർ 400എക്സ് എന്നീ ബൈക്കുകൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ട്രയംഫ് സ്പീഡ് 400 ബൈക്കിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 2.33 ലക്ഷം രൂപ മുതലാണ്. 39.5 ബിഎച്ച്പി പവറും 37.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 398.1 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്ത് നൽകുന്നത്. 6 സ്പീഡ് ഗിയർബോക്സുമായി വരുന്ന ബൈക്കിൽ ഹെഡ്‌ലൈറ്റ്, കർവ്ഡ് ഫ്യുവൽ ടാങ്ക്, സ്റ്റെപ്പ് അപ്പ് സീറ്റ്, സൈഡ്-സ്ലങ് എക്‌സ്‌ഹോസ്റ്റ് എന്നിവയും ബൈക്കിലുണ്ട്.