തിരുവനന്തപുരം : ഇടതുമുന്നണി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത 2016-17 കാലയളവ് മുതല്‍ നാളിതുവരെ കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്കായി 600.70 കോടി രൂപ (അറുനൂറു കോടി എഴുപത് ലക്ഷം രൂപ) അനുവദിച്ചതായി മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറയിച്ചു. ഡിമന്‍റ് ഡിസ്കഷന് മറുപടി പറയുകയായിരുന്നു മന്ത്രി. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം, കൂടല്‍മാണിക്യം ദേവസ്വം, കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയടക്കമുള്ള സ്ഥാപനങ്ങള്‍ക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 144.96 കോടി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് 26.38 കോടി, മലബാര്‍ ദേവസ്വത്തിന് 250.77 കോടി, കൂടല്‍മാണിക്യം ദേവസ്വംത്തിന് 15 ലക്ഷം രൂപ, കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന് 17.41 കോടി, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38 കോടി, ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികള്‍ക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.
മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തിനായി നടപ്പുവര്‍ഷം 25.38 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത് (2024-25) ആയതിനാല്‍ 18.27 കോടി രൂപ നാല് ഗഡുക്കളായി അനുവദിച്ചുകഴിഞ്ഞു. മലബാര്‍ ദേവസ്വം ബോര്‍ഡിന് (2024-25) നോണ്‍ സാലറി ഇനത്തില്‍ 11.38 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനീയര്‍ക്കും കോലധാരികള്‍ക്കുമുള്ള പ്രതിമാസ ധനസഹായ പദ്ധതി പ്രകാരം നിലവില്‍ 1544 ആചാരസ്ഥാനികര്‍ക്കും 368 കോലധാരികള്‍ക്കും ധനസഹായം നല്‍കിവരുന്നുണ്ട്. പ്രതിമാസ ധനസഹായം 1400/- രൂപയില്‍ നിന്നും 1600/ രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2024 – 2025 സാമ്പത്തിക വര്‍ഷം ഇതിനായി 5.30 കോടി രൂപ വകയിരുത്തുകയും പ്രസ്തുത തുക പൂര്‍ണ്ണമായും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കുടിശ്ശിക ധനസഹായം അനുവദിക്കുന്നതിനായി 1.70 കോടി രൂപയുടെ പ്രൊപ്പോസല്‍ ധനവകുപ്പിന്‍റെ അംഗീകാരത്തിന് നല്‍കിയിട്ടുമുണ്ട്. കൂടാതെ ഈ പദ്ധതിയില്‍ ഗുണഭോക്താക്കളായി ചേരുന്നതിന് പുതുതായി 559 അപേക്ഷകള്‍ കൂടി ലഭ്യമായത് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.