റാന്നി : പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ വികസനത്തിനായി 7 കോടി രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. കഴിഞ്ഞ നവ കേരള സദസ്സിന് എംഎൽഎ മുഖ്യമന്ത്രിക്ക് സമർപ്പിച്ച വികസന പദ്ധതികളുടെ പട്ടികയിൽ നിന്നാണ് പെരുന്തേനരുവി ടൂറിസം പദ്ധതി തിരഞ്ഞെടുത്തത്. പെരുന്തേനരുവി ടൂറിസം പദ്ധതിക്ക് തുക അനുവദിച്ചതോടെ റാന്നി നിയോജക മണ്ഡലത്തിൻെറ ടൂറിസം സ്വപ്നങ്ങളാണ് പുതിയ ചിറകേറിയിരിക്കുന്നത്. പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ചുള്ള ബൃഹത്തായ ടൂറിസം പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ചുള്ള പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ വികസനം ഇരു പഞ്ചായത്തുകളുടെയും സമഗ്ര വികസനത്തിന് വഴി തെളിക്കും. ഇപ്പോൾ തന്നെ ദിവസേന 100 കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തി പ്രകൃതിയുടെ വന്യ സൗന്ദര്യം ആസ്വദിച്ചു പോകുന്നത്.
മുൻ സർക്കാരുകളുടെ കാലത്ത് ഇവിടെ വാഹനങ്ങൾക്കുള്ള പാർക്കിംഗ് ഗ്രൗണ്ട്, കുട്ടികളുടെ കളി സ്ഥലം, അരുവിലേക്ക് ഇറങ്ങാനുള്ള പടിക്കെട്ടുകൾ, കൈവരികൾ, രണ്ട് കെട്ടിടങ്ങൾ, വെള്ളച്ചാട്ടം ദൂരെ നിന്ന് വീക്ഷിക്കാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. അരുവിയിലേക്ക് വളഞ്ഞ് വാഹനം ഇറങ്ങുന്ന റോഡിലെ കൊടും വളവും കുത്തിറക്കവും വീതി കൂട്ടി സൗകര്യപ്രദമാക്കിയിട്ടുണ്ട്. അമിനിറ്റി സെൻററും ഭക്ഷണശാലയും താമസിക്കാനുള്ള മുറികളും ഇപ്പോൾ ഇവിടെ നിലവിലുണ്ട്. ടൂറിസം പദ്ധതിയുടെ സമഗ്ര വികസനമാണ് പുതുതായി ലക്ഷ്യമിടുന്നത്. വെള്ളച്ചാട്ടം തൊട്ടുമുകളിൽ നിന്നും കാണത്തക്ക വിധമുള്ള കണ്ണാടി നടപ്പാലം, സുരക്ഷാ സംവിധാനങ്ങൾ, പൂന്തോട്ടം, പ്രകൃതിയുടെയും നദിയുടെയും സൗന്ദര്യം ആസ്വദിച്ചുകൊണ്ട് നദീതീരത്തുകൂടിയുള്ള നടപ്പാത എന്നിവയെല്ലാം പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ടൂറിസം വകുപ്പിന് ആണ് നിർമ്മാണ ചുമതല. പഞ്ചായത്തും ഇറിഗേഷൻ വകുപ്പും സ്ഥലം ലഭ്യമാക്കുന്നതോടെ നിർമ്മാണം ആരംഭിക്കാനാകും.