കൊല്ലം : മുന്‍ മന്ത്രി ആര്‍.എസ് ഉണ്ണിയുടെ കോടികളുടെ സ്വത്ത് തട്ടാന്‍ ശ്രമിച്ച കേസില്‍ സെക്രട്ടറി കെ.പി ഉണ്ണിക്കൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഫൗണ്ടേഷന്റെ മറവില്‍ മുന്‍ മന്ത്രിയും ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആര്‍.എസ് ഉണ്ണിയുടെ കോടികളുടെ സ്വത്ത് തട്ടാന്‍ ശ്രമിച്ചതായാണ് കേസ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്തെ അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്‍.കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ ഹര്‍ജി നല്‍കിയിട്ടില്ല. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനായിരിക്കെ ക്രമക്കേട് നടത്തിയെന്ന മറ്റൊരു കേസില്‍ നിലവില്‍ ജാമ്യത്തിലാണ് ആര്‍എസ്‌പി നേതാവായ കെ.പി ഉണ്ണികൃഷ്ണന്‍.
എന്‍.കെ പ്രേമചന്ദ്രന്‍ എംപി ചെയര്‍മാനും കെ.പി ഉണ്ണിക്കൃഷ്ണന്‍ സെക്രട്ടറിയുമായി 2016 ല്‍ രൂപീകരിച്ച ആര്‍.എസ് ഉണ്ണി ഫൗണ്ടേഷന്റെ മറവില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ശക്തികുളങ്ങരയിലെ 24 സെന്റും വീടും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് ആര്‍.എസ് ഉണ്ണിയുടെ ചെറുമക്കളായ അമൃത വിജയ്, അഞ്ജന വിജയ് എന്നിവരുടെ പരാതി. ഇതില്‍ ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എന്‍.കെ പ്രേമചന്ദ്രന്‍, കെ.പി ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി നാലുപേര്‍ക്കെതിരെ ശക്തികുളങ്ങര പോലീസ് കേസെടുത്തത്. സ്വത്ത് തട്ടല്‍ കേസില്‍ ശക്തികുളങ്ങര ഇന്‍സ്പെക്‌ടര്‍ യു ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകളില്‍ നിന്നുള്ള രേഖകള്‍ ശേഖരിച്ചു. അനധികൃതമായി വൈദ്യുതി കണക്‍ഷന്‍ എടുത്തത് സംബന്ധിച്ച് രേഖകളും പോലീസ് തേടിയിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും. നേരത്തെ അഞ്ജന വിജയ് ശക്തികുളങ്ങര സ്റ്റേഷനിലെത്തി വിശദമായ മൊഴി നല്‍കിയിരുന്നു.