തിരുവനന്തപുരം: കാട്ടാക്കട കീഴാറൂരിൽ ഉത്സവ പരിപാടിക്കിടെയുള്ള നൃത്തം വിലക്കിയതിന്റെ വൈരാഗ്യത്തിൽ ലഹരിസംഘം ആർ.എസ്.എസ്. നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തിൻകാല ലൈനിൻ ജങ്ഷൻ കുന്നുവിള സുരേഷ് ഭവനിൽ നിവിൻ എസ്.സാബു(29), കാട്ടാക്കട അമ്പലത്തിൻകാല തോട്ടരികത്ത് വീട്ടിൽ കിരൺകുമാർ(22), അമ്പലത്തിൻകാല സുജിത് ഭവനിൽ വിശാഖ്(32) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആർ.എസ്.എസ്. പ്ലാവൂർ മണ്ഡലം കാര്യവാഹക് പ്ലാവൂർ തലയ്ക്കോണം വെട്ടുവിള പുത്തൻവീട്ടിൽ വിഷ്ണു(25) വിനെയാണ് ചൊവ്വാഴ്ച രാത്രി 10.30-ഓടെ പ്രതി ഉൾപ്പെടുന്ന സംഘം ആക്രമിച്ചത്.
കീഴാറൂർ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്ര ഘോഷയാത്രയ്ക്ക് അമ്പലത്തിൻകാലയിൽ നൽകിയ വരവേൽപ്പിന് ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിൻകാല ക്ഷേത്രത്തിന് മുന്നിൽ വെച്ച് പ്രതികൾ ബൈക്ക് തടഞ്ഞു നിർത്തി മർദിക്കുകയും തറയോടിന്റെ കഷണം കൊണ്ട് കുത്തുകയുമായിരുന്നു. നെറ്റിയിലും, മുതുകിലും കുത്തേറ്റ വിഷ്ണു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.