കൊല്ലം: സഹപ്രവര്‍ത്തകക്കു കോവിഡ് കാലത്തുപോലും നീതി നിഷേധിച്ച പുരാരേഖാ വകുപ്പു മുന്‍ മേധാവിക്കും അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ക്കും വിവരാവകാശ കമ്മീഷൻ പിഴയിട്ടു. പുരാരേഖ ഡയറക്ടറായി രണ്ടു മാസം മുമ്പ് വിരമിച്ച ജെ.റെജികുമാറും ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ (എസ്.പി.ഐ.ഒ) ചുമതല വഹിച്ചിരുന്ന ജോസഫ് സ്കറിയയും 50,618 രൂപ പിഴ അടക്കാനാണു വിധി. വകുപ്പില്‍ സൂപ്രണ്ടായ ആര്.ആര്. ബിന്ദുവിന്റെ പരാതിയിലാണ് നടപടി. പിഴത്തുകയില്‍ 25,618 രൂപ ബിന്ദുവിനു നേരിട്ടു നല്‍കണം. 25,000 രൂപ കമ്മീഷനില്‍ അടക്കണമെന്നും കമ്മീഷന് അംഗം എ.അബ്ദുല്‍ ഹക്കീം വിധിച്ചു.
ഇപ്പോള്‍ ഉഴവൂർ കെ.ആര്. നാരായണന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സിൽ ഉദ്യോഗസ്ഥനാണ് ജോസഫ് സ്കറിയ. ബിന്ദുവിന്റെ സ്ഥാനക്കയറ്റം തടയുകയും കള്ളപ്പരാതി പ്രോല്‍സാഹിപ്പിക്കുകയും കോവിഡ് കാലത്ത് നിയമവിരുദ്ധമായി തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഇതിനെതിരെ നിയമനടപടിക്ക് വിവരം ശേഖരിക്കാന്‍ 2020 ജൂണ്‍ രണ്ടിന് നൽകിയ വിവരാവകാശ അപേക്ഷ, ജൂലൈ 27ന് ഡയറക്ടര്‍ക്ക് നല്കിയ അപ്പീല്‍ എന്നിവക്ക് വിവരങ്ങള്‍ ലഭ്യമാക്കിയില്ല എന്നായിരുന്നു പരാതി. പലതവണ അപേക്ഷ നൽകിയിട്ടും ലഭ്യമാകാതെ വന്നതോടെയാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.