പത്തനംതിട്ട : മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഫീൽഡ് സ്റ്റാഫിനെ ജോയിന്റ് ആർ ടി ഒ തസ്തികയിൽ നിയമിക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ മോട്ടോർ വാഹന വകുപ്പിലെ ഭരണ വിഭാഗം ജീവനക്കാർ സമരത്തിൽ.
സുപ്രീം കോടതി ശരിവച്ച 1981ലെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്ത് നിലവിലെ പ്രൊമോഷൻ അനുപാതം അട്ടിമറിക്കുന്നതിനെതിരെയാണ് കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ രംഗത്ത് വന്നിരിക്കുന്നത്. അട്ടിമറിക്ക് പിന്നിൽ ഗതാഗത വകുപ്പിലെ ഉന്നതരുണ്ടെന്നാണ് ജീവനക്കാരുടെ ആക്ഷേപം. പുതിയ നീക്കത്തിന് പിന്നിൽ കോടികളുടെ കൈക്കൂലി ഇടപാടുണ്ടെന്നും ആരോപണം ഉണ്ട്.
സ്പെഷ്യൽ റൂൾ സംരക്ഷിക്കുക, സേഫ് കേരളയിൽ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് അർഹമായ പ്രാതിനിധ്യം നൽകുക, വർക്ക് സ്റ്റഡി റിപ്പോർട്ട് അംഗീകരിക്കുക, ജോലിഭാരത്തിന് ആനുപാതികമായി ജീവനക്കാരെ നിയമിക്കുക, അകാരണമായി പിരിച്ചുവിട്ട കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ ടി ഒ പി ബി പദ്മകുമാറിനെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ഫെബ്രുവരി 15 മുതൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ജനുവരി 27, 28 തീയതികളിൽ സൂചനാ സമരം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പത്തനംതിട്ട ആർ. ടി ഓഫിസ് കേന്ദ്രീകരിച്ച് മിനിസ്റ്റീരിയൽ ജീവനക്കാർ പ്രതിഷേധയോഗം ചേർന്നു.
കെ എം വി ഡി എസ് എ ജില്ലാ പ്രസിഡന്റ് ശ്രീധരൻ പോറ്റി, ജില്ലാ സെക്രട്ടറി ബിന്ദു പി എ, വൈസ് പ്രഡിഡന്റ് ഗോപാലിക ജി, കെ എം വി ഡി എസ് എ സംസ്ഥാന കമ്മിറ്റിയംഗം ബിനോയി റ്റി, മുരളീധരൻ ഇളയത്, മായ ദേവി, റിട്ടയേർഡ് ജോയിന്റ് ആർ ടി ഒ എൻ കെ മോഹൻദാസ്, ഫിലിപ് സാമുവൽ, ദീപ എസ്, ജോർജ് കുട്ടി എന്നിവർ സംസാരിച്ചു. ജില്ലാ ഓഫിസിന് മുൻപിൽ നടത്തിയ ധര്‍ണ്ണയില്‍ പത്തനംതിട്ട ആർ ടി ഓഫീസിലെയും അതിന്റെ പരിധിയിൽ വരുന്ന സബ് ഓഫീസുകളിലെയും മുഴുവൻ മിനിസ്റ്റീരിയൽ ജീവനക്കാരും പങ്കെടുത്തു. ജില്ലയിലെ ആർ ടി ഓഫീസുകളുടെയും സബ് ആർടി ഓഫീസുകളുടെയും പ്രവർത്തനം ഇന്ന് സ്തംഭിച്ചു.
https://www.facebook.com/mediapta/videos/2546432675625365/