കൊച്ചി : ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. കേരളത്തിനു പുറത്ത് പല സംസ്ഥാനങ്ങളിലും പരിശോധനാ നിരക്ക് ഇതിലും കുറവാണെന്നു വിലയിരുത്തിയാണ് കോടതി ഹര്‍ജി തള്ളിയത്. സംസ്ഥാനത്തെ വിവിധ ലാബുടമകളാണ് അപ്പീല്‍ ഹര്‍ജിയുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
നേരത്തെ സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ബഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. ലാബുടമകളുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചതെന്നും ഈ തീരുമാനം സാമാന്യ നീതിക്ക് നിരക്കാത്തതാണെന്നും ലാബുടമകള്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
കൊവിഡ് വ്യാപനം ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം നിരക്ക് കുറയ്ക്കാന്‍ അധികാരമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാരും അറിയിച്ചു. നിരക്ക് കുറച്ചത് ചോദ്യം ചെയ്ത ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഇടപെട്ടിരുന്നില്ല. ഹര്‍ജിയിലെ നിയമപരമായ കാര്യങ്ങള്‍ സിംഗിള്‍ ബെഞ്ചിന് പരിശോധിക്കുന്നതിനു തടസങ്ങളില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.