പത്തനംതിട്ട : അല്പം ഉയർന്നിട്ട് റബർ വില വീണ്ടും താഴേക്ക് കൂപ്പ് കുത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ റബർ സംഭരണം നടത്തി മാർക്കറ്റിൽ ഇടപെട്ട് ഈ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു. ടയർ കമ്പനികൾ ലോക മാർക്കറ്റിൽ നിന്നും ഉയർന്ന വിലയ്ക്ക് റബ്ബർ ഇറക്കുമതി ചെയ്ത് അവരുടെ സംഭരണശാലകൾ നിറച്ചിരിക്കുകയാണ്. അതും പോരാഞ്ഞ് അഞ്ചു മുതൽ 10 വരെ ശതമാനം ഇറക്കുമതി തീരുവയിൽ ആസിയാൻ രാജ്യങ്ങളിൽ നിന്ന് കോമ്പൗണ്ട് റബ്ബർ ഇറക്കുമതി ചെയ്തു സർക്കാരിനെയും കർഷകരെയും ഒരുപോലെ വഞ്ചിക്കുകയാണ്.
കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയിൽ കഴിഞ്ഞവർഷത്തേക്കാൾ 47.5 ശതമാനത്തിന്റെ വർദ്ധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. സ്വാഭാവിക റബറിന്റെ 25% ഇറക്കുമതി തീരുവ മറികടക്കാനാണ് താരതമ്യേന വളരെ കുറഞ്ഞ തീരുവ നിരക്കുള്ള കോമ്പൗണ്ട് റബർ ഇറക്കുമതി ചെയ്യുന്നത്. ഈ വർഷത്തെ റബർ ഉൽപാദനത്തിൽ 1.4 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാവുകയും ഉപഭോഗത്തിൽ 1.8 ശതമാനത്തിന്റെ ഇടിവുണ്ടാവുകയും ചെയ്തിട്ടും ഇറക്കുമതിയിൽ 25 ശതമാനത്തിന്റെ വർദ്ധന ഉണ്ടായത് നീതീകരിക്കാനാവില്ല. ഇതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയുടെ യഥാർത്ഥ കാരണം. റബർ സംഭരണം കൊണ്ട് മാത്രമേ കമ്പോള വില ഉയരുകയുള്ളൂ എന്ന യാഥാർത്ഥ്യം നിലനിൽക്കെ അതിനുള്ള നടപടികൾ സർക്കാർ അടിയന്തിരമായി സ്വീകരിക്കണമെന്നും സർക്കാരിന്റെ റബ്ബർ ഉത്തേജക പാക്കേജിന്റെ അടിസ്ഥാന വില 250 രൂപയായി ഉയർത്തി അത് ഫലപ്രദമായി നടപ്പാക്കണമെന്നും പുതുശ്ശേരി പ്രതികരിച്ചു.