കര്‍ണാടക : മീസില്‍സ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന് കുട്ടികള്‍ മരിച്ചു. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെയ്പെടുത്ത കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ റിപ്പോര്‍ട്ട് തേടി. തിങ്കളാഴ്ചയാണ് കുട്ടികള്‍ക്ക് മീസില്‍സ്-റുബെല്ല വാക്സിന്‍ നല്‍കിയത്. ഒരുവയസിന് താഴെയുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ ബെലഗാവി ഡെപ്യൂട്ടി കമ്മീഷണറുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിക്കുകയും അന്വേഷണം നടത്തി സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അണുവിമുക്തമല്ലാത്ത സിറിഞ്ചുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.
കുറ്റക്കാരായ നഴ്‌സുമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 11, 12 തീയതികളില്‍ രണ്ട് ഗ്രാമങ്ങളിലായി 20 ലധികം കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചത്. രണ്ടുകുട്ടികള്‍ ഇന്നലെയും ഒരു കുട്ടി ശനിയാഴ്ചയുമാണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റ് രണ്ട് കുട്ടികള്‍ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. വാക്സിന്റെ സാമ്പിളുകള്‍ സെന്‍ട്രല്‍ വാക്സിന്‍ യൂണിറ്റിലേക്കും മരിച്ച കുട്ടികളുടെ രക്തം, ആന്തരാവയവങ്ങള്‍ എന്നിവയുടെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കും അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.