തിരുവനന്തപുരം: റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി നിര്‍ദേശങ്ങളില്‍ വിയോജിപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്കാന് മന്ത്രിസഭ ഉപസമിതിയില്‍ ധാരണ. മന്ത്രിമാരുടെ അധികാരം കവരുകയും അധികാരം മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഭേദഗതികളോട് ഏതാനും മന്ത്രിമാര്‍ വിയോജിപ്പ് ആവര്‍ത്തിച്ചു. വ്യാഴാഴ്ച മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപസമിതി യോഗത്തിലാണ് ഈ ധാരണ. വിയോജിപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി ഉപസമിതി അടുത്ത മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നേരത്തെ ഉപസമിതിയില്‍ ഭേദഗതി നിര്‍ദേശങ്ങളെ ചില മന്ത്രിമാര്‍ അതിശക്തമായി എതിര്‍ത്തിരുന്നു. യോജിപ്പിലെത്താത്തതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കിയതുമില്ല. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ മുഖ്യമന്ത്രി ഭിന്നത സംബന്ധിച്ച വാര്‍ത്ത പുറത്തുപോയതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഉപസമിതി വീണ്ടും ഓണ്‍ലൈന്‍ വഴി ചേര്‍ന്നത്. മുന്‍ നിലപാട് ആവര്‍ത്തിച്ച ഘടകകക്ഷി മന്ത്രിമാര്‍ വിവാദ നിര്‍ദേശങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
എല്ലാവരോടും വിയോജിപ്പുകള്‍ എഴുതി നല്കാന് കണ്‍വീനറായ എ.കെ. ബാലന് അറിയിച്ചു. എതിര്‍പ്പുള്ള വിഷയങ്ങളില്‍ മന്ത്രിമാര്‍ അത് ഉടന്‍ രേഖാമൂലം നല്‍കും. മന്ത്രി കാണാതെ തന്നെ സെക്രട്ടറിമാര്‍ക്ക് ഫയലില്‍ തീരുമാനമെടുത്ത് ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ അംഗീകാരത്തിന് നല്‍കാമെന്ന വ്യവസ്ഥയോയോട് പൊതുവെ എതിര്‍പ്പുണ്ട്. വകുപ്പ് മന്ത്രി അറിയാതെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വകുപ്പുകള്‍ നിയന്ത്രിക്കാവുന്ന സ്ഥിതി വരുമെന്നാണ് അവരുടെ നിലപാട്. റൂള്‍ 19, 21 എ, എന്നിവയിലെ മാറ്റം മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കൊണ്ടുവരാന്‍ ഉദ്ദേശിച്ചാണെന്നും വിമര്‍ശനമുണ്ട്.
മന്ത്രിസഭ യോഗങ്ങളും മറ്റ് പ്രധാന യോഗങ്ങളും ഓണ്‍ലൈനില്‍ ചേരാമെന്ന നിര്‍ദേശവും ഭേദഗതിയിലുണ്ട്. ഇതിനോട് എല്ലാവരും യോജിച്ചു. മന്ത്രിമാരും സെക്രട്ടറിമാരും വിളിക്കുന്ന യോഗങ്ങളിലും സമാനരീതി സ്വീകരിക്കും. നേരിട്ടെത്തി മിനിറ്റ്സില്‍ ഒപ്പിടണമെന്ന വ്യവസ്ഥയും മാറ്റും. കാലം മാറിയതനുസരിച്ച് റൂള്‍സ് ഒാഫ് ബിസിനസും മാറണമെന്ന് ഐ.എ.എസ് തലത്തില്‍ ശക്തമായ അഭിപ്രായമുണ്ടായിരുന്നു.