മോസ്‌കോ: ഉക്രൈനെതിരെയുള്ള യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. മെയ് 8 മുതൽ 11വരെ മൂന്ന് ദിവസത്തെ വെടിനിർത്തലാണ് പ്രഖ്യാപിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ റഷ്യ നേടിയ വിജയത്തിന്റെ 80-ാം വാർഷികാഘോഷ പശ്ചാത്തലത്തിലാണ് വെടിനിർത്തൽ തീരുമാനം. ഈ ദിവസങ്ങളിൽ എല്ലാ തരത്തിലുമുള്ള യുദ്ധ നടപടികളും നിർത്തിവെക്കുമെന്ന് ക്രെംലിൻ അറിയിച്ചു. തങ്ങളുടെ മാതൃക ഉക്രൈനും പിന്തുടരുമെന്ന് കരുതുന്നതായും എന്നാൽ പ്രകോപനമുണ്ടായാൽ റഷ്യൻ സൈന്യം അതിശക്തമായി തിരിച്ചടിക്കുമെന്നും ക്രെംലിൻ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ഈസ്റ്റർ ദിനത്തിൽ റഷ്യ 30 മണിക്കൂർ വെടി നിർത്തൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇരുപക്ഷവും പോരാട്ടത്തിൽ കുറവുണ്ടായതായി റിപ്പോർട്ട് ചെയ്തപ്പോൾ നൂറുകണക്കിന് നിയമലംഘനങ്ങൾ നടത്തിയതായി പരസ്പരം ആരോപിച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തിന് മറുപടിയായി ഉക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ കുറഞ്ഞത് 30 ദിവസമെങ്കിലും നീണ്ടുനിൽക്കുന്ന അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തു. ഇരുവിഭാഗങ്ങൾക്കുമിടയിൽ ഒരു സമാധാന ഉടമ്പടിക്ക് മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, സ്ഥിരമായ ഒരു വെടിനിർത്തൽ കാണാൻ ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഉക്രൈനിൽ 20-ലധികം തവണ വെടിനിർത്തൽ ശ്രമങ്ങൾ നടന്നിട്ടുണ്ട് – അതെല്ലാം ഒടുവിൽ പരാജയപ്പെടുകയായിരുന്നു.
ചിലത് വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് മിനിറ്റുകൾക്കുള്ളിലാണ് ലംഘിച്ചത്. മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് പുടിൻ വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് തിങ്കളാഴ്ച ക്രെംലിൻ പ്രസ്താവനയിൽ അറിയിച്ചു. ഉക്രൈൻ വെടിനിർത്തൽ കരാർ ലംഘിച്ചാൽ, റഷ്യൻ ഫെഡറേഷന്റെ സായുധ സേന തക്ക മറുപടി നൽകുമെന്നും റഷ്യ അറിയിച്ചു. “റഷ്യയ്ക്ക് ശരിക്കും സമാധാനം വേണമെങ്കിൽ, അവർ ഉടൻ തന്നെ വെടിവെപ്പ് നിർത്തണം.” ഉക്രേനിയൻ വിദേശകാര്യമന്ത്രി സിബിഹ പറഞ്ഞു.