റിയാദ്: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയാറെന്ന് റഷ്യ. അമേരിക്കയുമായി സൗദി അറേബ്യയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്, യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത റഷ്യ അറിയിച്ചത്. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച വിജയമാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായെന്നും റഷ്യ പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. റിയാദിലെ ദിരിയ്യ കൊട്ടാരത്തില്‍ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫറാന്‍ അല്‍ സൗദിന്റെയും ദേശീയ സുരക്ഷാ ഉപദേശകന്‍ മുസാദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്റെയും മധ്യസ്ഥതയിലായിരുന്നു കൂടിക്കാഴ്ച.
ട്രംപിന്റെ പ്രതിനിധികളായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, അമേരിക്കന്‍ മധ്യേഷ്യ ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാല്‍സ് എന്നിവര്‍ പങ്കെടുത്തു. റഷ്യയുടെ ഭാഗത്തുനിന്നു വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ വിദേശ നയതന്ത്ര ഉപദേശകന്‍ യൂറി ഉഷാകോവ്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.യോഗത്തില്‍ യുക്രെയ്ന്‍ പ്രതിനിധികള്‍ പങ്കെടുത്തില്ല.