ഈസ്താംബൂൾ: യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യയുടെയും ഉക്രൈന്റെയും പ്രതിനിധികൾ തുർക്കിയിലെ ഈസ്താംബൂളിൽ നടത്തിയ ചർച്ചയിൽ കാര്യമായ തീരുമാനങ്ങളുണ്ടായില്ല. 1000 തടവുകാരെ പരസ്പരം കൈമാറാമെന്ന് രണ്ടുരാജ്യവും സമ്മതിച്ചു. വെടിനിർത്തൽ സാധ്യമാക്കാനുള്ള ശ്രമം തുടരും. ഉക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് വഴിതുറക്കാനും ശ്രമിക്കും. 2022 മാർച്ചിനുശേഷം ആദ്യമായാണ് ഇരുരാജ്യത്തിന്റെയും പ്രതിനിധികൾ മുഖാമുഖം ചർച്ചനടത്തിയത്. ചർച്ച 90 മിനിറ്റിലേറെ നീണ്ടു. ഭാവിയിലെ വെടിനിർത്തലിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രണ്ടുരാജ്യവും അവതരിപ്പിച്ചുവെന്ന് റഷ്യയുടെ ചർച്ചയ്ക്കു നേതൃത്വം നൽകിയ വ്ലാദിമിർ മെദിൻസ്കി പറഞ്ഞു.
ചർച്ചയുടെ ഫലത്തിൽ തൃപ്തിയുണ്ടെന്നും പരസ്പരബന്ധം തുടരുമെന്നും അറിയിച്ചു. യുക്രൈൻ സംഘത്തിന് നേതൃത്വം നൽകിയ പ്രതിരോധമന്ത്രി റുസ്തം ഉമറോവ് തടവുകാരെ കൈമാറാൻ തീരുമാനിച്ച കാര്യം സ്ഥിരീകരിച്ചു. രണ്ടുകൂട്ടരും വീണ്ടും കാണാൻ തത്ത്വത്തിൽ തീരുമാനമായതായി ചർച്ചയ്ക്കു മധ്യസ്ഥം വഹിച്ച തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ പറഞ്ഞു. ചർച്ചയ്ക്കായി സെലെൻസ്കി വ്യാഴാഴ്ച ഈസ്താംബൂളിൽ എത്തിയിരുന്നു. എന്നാൽ പുടിൻ എത്താൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്നാണ് പ്രതിനിധികൾ തമ്മിൽ ചർച്ചനടന്നത്.അതിനിടെ, താനും പുതിനും നേരിൽക്കാണാതെ ഉക്രൈന്റെ കാര്യത്തിൽ ഒന്നും സംഭവിക്കില്ലെന്ന് ട്രംപ് പറഞ്ഞു. വൈകാതെ തങ്ങൾ നേരിൽക്കാണുമെന്നും അദ്ദേഹം അബുദാബിയിൽ പറഞ്ഞു.