മോസ്‌കോ : കാന്‍സറിനുള്ള വാക്‌സിന്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. വാക്‌സിന്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ് ശാസ്ത്രജ്ഞര്‍. വൈകാതെ ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കും. വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നാണ് കരുതുന്നതെന്ന് പുടിന്‍ പറഞ്ഞു. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വാക്‌സിന്‍ നിര്‍മാണത്തിന്റെ അന്തിമഘട്ടത്തില്‍ ഞങ്ങള്‍ അടുത്തിരിക്കുന്നുവെന്ന് ആധൂനിക സാങ്കേതികവിദ്യകള്‍ സംബന്ധിച്ച ഒരു ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പുടിന്‍ പറഞ്ഞു. വാക്‌സിന്‍ ഏത് തരത്തിലുള്ള കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് അദ്ദേഹം വ്യക്തമായിട്ടില്ല. വാക്‌സിന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വാക്‌സിനുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങള്‍. വാക്‌സിന്‍ പരീക്ഷണവും ഗവേഷണവും തുടരുന്നുണ്ട്. ഇതിനിടെയാണ് കാന്‍സറിനുള്ള വാക്‌സിന്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ ഉടന്‍ പുറത്തിറക്കുമെന്ന പ്രഖ്യാപനം പുടിന്‍ നടത്തിയത്. കൊവിഡിനെതിരെ സ്വന്തമായി നിര്‍മിച്ച സ്പുട്‌നിക് വാക്‌സിന്‍ റഷ്യ അതിവേഗം പുറത്തിറക്കിയിരുന്നു.
കാന്‍സറിനെതിരായ മരുന്ന് കണ്ടെത്താനുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് ജര്‍മ്മനി ആസ്ഥാനമായുള്ള ബയോഎന്‍ടെക്കുമായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഒരു കരാര്‍ ഒപ്പുവച്ചിരുന്നു. 2030 ഓടെ 10,000 രോഗികളെ ചികിത്സിക്കുകയാണ് ലക്ഷ്യം. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ മോഡേണയും മെര്‍ക്ക് ആന്‍ഡ് കോയും കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സെര്‍വിക്കല്‍ കാന്‍സര്‍ ഉള്‍പ്പെടെ നിരവധി അര്‍ബുദങ്ങള്‍ക്ക് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസുകള്‍ക്കെതിരെ നിലവില്‍ ആറ് ലൈസന്‍സുള്ള വാക്‌സിനുകള്‍ വികസിപ്പിച്ചിരുന്നു. കരളിലെ കാന്‍സറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ വാക്‌സിനുകള്‍ പുറത്തിറക്കിയിരുന്നു.